മഹാനഗരം മഹാമാരിയുടെ പിടിയില്‍; മടക്കയാത്രകള്‍ തുടങ്ങി

രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറിയതോടെ ഏറെ ആശങ്കയിലായത് തിരക്കേറിയ മുംബൈ നഗരത്തിലെ തൊഴിലിടങ്ങളും പൊതു ഗതാഗത കേന്ദ്രങ്ങളുമാണ്. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് സാമൂഹികമായ അകലം പാലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ ഓഫീസുകളും കടകളും നിര്‍ബന്ധമായും അടച്ചിടുവാന്‍ ഉത്തരവിടുകയും ചെയ്തു.

കൊറോണക്കാലം ഏറെ ദുരിതത്തിലാക്കിയത് നഗരത്തിലെ ലക്ഷക്കണക്കിന് ദിവസക്കൂലിക്കാരെയാണ്. അന്നന്നത്തെ അന്നം തേടുന്ന വഴിയോര കച്ചവടക്കാര്‍, കെട്ടിട നിര്‍മ്മാണ ജോലിക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, വിവിധ തൊഴില്‍ സഹായികള്‍ തുടങ്ങി നഗരത്തിന്റെ ജീവിതതാളം നിലനിര്‍ത്തുന്ന വലിയൊരു വിഭാഗമാണ് അനശ്ചിതത്തിലായ നഗര ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നത്.

ധാരാവിയില്‍ മാത്രം 535 ഏക്കറിലായി 15000 ഒറ്റമുറി നിര്‍മ്മാണ കേന്ദ്രങ്ങളും 5000 കയറ്റുമതി തുടങ്ങിയ വ്യവസായവുമായി ബന്ധപ്പെട്ട ഓഫീസുകളും നിലവിലുണ്ട്. ഇവിടെയെല്ലാമായി ഏകദേശം രണ്ടര ലക്ഷത്തോളം തൊഴിലാളികളാണ് പണിയെടുത്ത് ജീവിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ ചേരികളില്‍ കുടുംബസമേതം താമസിക്കുന്ന ഇവര്‍ക്കിടയിലേക്ക് ഇനിയും കൊറോണയുടെ പ്രതിരോധന കര്‍മ്മ പരിപാടികള്‍ എത്തിയിട്ടില്ല . ഇവരില്‍ നാസിക്കില്‍ നിന്നെത്തിയ പാവപ്പെട്ട കര്‍ഷകരുമുണ്ട്. കൃഷിയിടങ്ങളിലെ വിളവുകള്‍ക്ക് വിലയില്ലാതായതോടെ അതിജീവനത്തിനായി നഗരത്തിലെത്തിയവരാണ് പലരും. കൊറോണ വൈറസ്സ് വ്യാപനം മൂന്നാം ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജാഗ്രത ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇത്തരം പ്രദേശങ്ങളിലാണ്

ജോലി സ്ഥലങ്ങള്‍ പൂട്ടുകയും പലയിടത്തും നിയന്ത്രണങ്ങള്‍ വരുകയും ചെയ്തതോടെയാണ് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ഇവരെല്ലാം നഗരത്തോട് വിട പറയുവാന്‍ തുടങ്ങുന്നത്. ഇവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പല ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കിയതോടെ സാധന സാമഗ്രഹികളുമായുള്ള ഇവരുടെ മടക്കയാത്ര പോലും ദുരിതമായി മാറിയിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel