കേന്ദ്രത്തിന്റെ അനാവശ്യ തിടുക്കം; ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള നടപടിക്ക് സ്റ്റേ വാങ്ങിയത് ഹര്‍ജിപോലും ഫയല്‍ ചെയ്യാതെ

സംസ്ഥാനത്തെ ജപ്തി നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയത് ഹർജി പോലും ഫയൽ ചെയ്യാതെ.

കേന്ദ്രം ഹർജി ഫയൽ ചെയ്താൽ സ്വീകരിക്കണം എന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ഹൈക്കോടതി ഉത്തരവിന്റെ ആശ്വാസം ഇല്ലാതാക്കാൻ കേന്ദ്രം വഴിവിട്ട തിടുക്കം കാണിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.

സംസ്ഥാനത്തെ ജിഎസ്‌ടി, വരുമാന നികുതി , വാഹനനികുതി, തുടങ്ങിയവ ഈടാക്കുന്നത് തടഞ്ഞുകൊണ്ടും ജപ്‌തി നടപടികൾ നിർത്തിവയ്‌ക്കാനുമുള്ള ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ അനുവദിച്ചത്.

സമാന സ്വഭാവത്തിലുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവും സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഹർജി പോലും ഫയൽ ചെയ്യാൻ തയ്യാറാകാതെയാണ് സർക്കാർ വിഷയത്തിൽ സ്റ്റേ വാങ്ങിയതെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതി രേഖകൾ.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയിൽ ഹാജരായി കേസ് മെൻഷൻ ചെയ്തതിനെ തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് സ്റ്റേ ലഭിക്കുന്നു.

എന്നാൽ ഹർജി ഫയൽ ചെയ്താൽ ലഭിക്കുന്ന ഡയറി നമ്പർ കിട്ടിയതാകട്ടെ 2 മണിക്കും. ഇത്‌ കൂടാതെ സുപ്രീംകോടതി ഉത്തരവിൽ സർക്കാർ ഹർജി ഫയൽ ചെയ്താൽ സ്വീകരിക്കണമെന്നാണ് രജിസ്ട്രിയോട് പറയുന്നതും.

ഇത്ര സുപ്രധാന വിഷയത്തിൽ എന്ത് അടിസ്ഥാനത്തിൽ സ്റ്റേ ആവശ്യപ്പെടുന്നു എന്ന് കേന്ദ്രം രേഖാമൂലം കോടതിയെ അറിയിച്ചില്ല എന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

ചുരുക്കത്തിൽ ഹൈക്കോടതി അനുവദിച്ച ആശ്വാസം ഇല്ലാതാക്കാൻ കേന്ദ്രം കാണിച്ചത് കീഴ് വഴക്കങ്ങൾ പോലും പാലിക്കാതെയുള്ള തിടുക്കമെന്ന് വ്യക്തം.

വധശിക്ഷ പോലെയുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ കോടതിയെ സമീപിച്ച് ഉടൻ ഉത്തരവ് വാങ്ങാറുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിച്ച തിടുക്കം എന്ത് അടിയന്തര സാഹചര്യത്തിന്റെ പേരിലാണ് എന്നാണ് ഉയരുന്ന ചോദ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News