കൊറോണ: രോഗമില്ലാത്ത വിദേശികള്‍ക്ക് ജന്മ നാട്ടിലേക്ക് മടങ്ങിപ്പോകാം, ഓണ്‍ലൈന്‍ സഹായം ഒരുക്കി കൊച്ചി സിറ്റി പൊലീസ്

കൊച്ചി: എറണാകുളം ജില്ലയിലെത്തിയ വിദേശികള്‍ക്ക് ഓണ്‍ലൈന്‍ സഹായം ഒരുക്കി കൊച്ചി സിറ്റി പൊലീസ്. ജന്മ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, താമസ സൗകര്യം, വിസാ സഹായം എന്നിവയാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ വിദേശ പൗരന്മാര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍.

ബ്രസീലില്‍ നിന്നെത്തിയ വിദേശിയാണ് ഫോറിനേഴ്‌സ് ഔട്ട് റീച്ച് സെല്ലില്‍ ആദ്യമായി സഹായം അഭ്യര്‍ത്ഥിച്ചത്. 8590202060 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ടെക്‌സറ് ആയോ ഓഡിയോ വീഡിയോ രൂപത്തിലോ സഹായമഭ്യര്ഥിച്ച് സന്ദേശമയക്കാം. ഉടന്‍ പോലീസ് ബ്രസീലിയന്‍ സ്വദേശിയുമായി വാട്‌സാപ്പില്‍ വീഡിയോ കോളില്‍ ബന്ധപ്പെട്ടു.

ആരോഗ്യ സ്ഥിതി ചോദിച്ചറിഞ്ഞ ശേഷം ഡോക്ടറുമായി ഇയാളെ കോണ്‍ഫറന്‍സ് കോളില്‍ ബന്ധിപ്പിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ നിരീക്ഷണ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന സഹായമാണ് ബ്രസീല്‍ സ്വദേശി ആവശ്യപ്പെട്ടത്.
അത് ഉടന്‍ നല്‍കാമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് താമസത്തിനും സൗകര്യമൊരുക്കണമെന്ന് വിദേശ പൗരന്‍ ആവശ്യപ്പെട്ടു.

നിലവില്‍ ഇയാള്‍ ഉള്ള ഫോര്‍ട്ട് കൊച്ചിയിലെ പോലീസ് മേധാവിയെ വീഡിയോ കോളില്‍ ഉള്‍പ്പെടുത്തി.

കളമശ്ശേരിയില്‍ താമസ സൗകര്യം തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിച്ച ഫോര്‍ട്ട് കൊച്ചി അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ഹോസ്റ്റല്‍ ലൊക്കേഷനും ഇയാള്‍ക്ക് നല്‍കി. തടസമില്ലാതെ ഈ സൗകര്യങ്ങള്‍ അതിഥികളായി എത്തിയ വിദേശ പൗരന്മാര്‍ക്ക് ലഭ്യമാക്കാനാണ് ഐഎംഎയുടെ സഹായത്തോടെ പോലീസ് ലക്ഷ്യമിടുന്നത്.

ജില്ലയിലാകെ 220 വിദേശികളാണ് നിലവില്‍ ഉള്ളത്. ഇവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈദ്യ സഹായം, ഗതാഗത താമസ സൗകര്യങ്ങള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ടിക്കറ്റിങ് വിസാ സഹായങ്ങള്‍ എന്നിവയാണ് ഫോറീനേഴ്സ് ഔട്ട് റീച്ച് സെല്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍.

ഐഎംഎയുടെയും കേരളാ ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന വിദേശികള്‍ക്ക് വലിയ സഹായമാണ് പോലീസ് ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News