തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ വന്‍വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ ടെലിഫോണ്‍ സംഭാഷണം.
തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് ഇയാള്‍ പറഞ്ഞെന്നും രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മൂന്നു ജില്ലകളിലായി യാത്ര ചെയ്തതെന്നും സുഹൃത്ത് വെളിപ്പെടുത്തി. വൈറസ് രോഗം മനപൂര്‍വ്വം പരത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നും സംഭാഷണത്തില്‍ വ്യക്തമാണ്.
ഗള്‍ഫില്‍ നിന്ന് ടാക്‌സ് വെട്ടിച്ച് സാധനങ്ങള്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍ക്കുന്നതാണ് ഇയാളുടെ തൊഴിലെന്നും സുഹൃത്ത് കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. സ്വര്‍ണം, മൊബൈല്‍ എന്നിവയുടെ കള്ളക്കടത്താണ് ഇയാള്‍ നടത്തുന്നതെന്നും സുഹൃത്ത് പറഞ്ഞു.
അതേസമയം, കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കി. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഇയാളെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.
വിദേശത്ത് നിന്ന് വന്നശേഷം എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇയാള്‍ നല്‍കുന്നില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. കോഴിക്കോടും കാസര്‍ഗോഡുമുള്ള നിരവധിപേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ ഇയാളുടെ ഭാഗികമായ സഞ്ചാരപാത ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയ മാര്‍ച്ച് 11 മുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.