സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ: ആറു പേര്‍ കാസര്‍ഗോഡ്: എല്ലാവരും ഗള്‍ഫില്‍ നിന്ന് വന്നവര്‍; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരും; സമൂഹവ്യാപനമെന്ന് പറയാനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 3 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ 52 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 49 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

176 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

70 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് മതമേലധ്യക്ഷന്‍മാരും ആരാധനാലയങ്ങളും മികച്ച പിന്തുണ നല്‍കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ ചടങ്ങുകള്‍ ചുരുക്കി. ശബരിമലയിലും നട തുറന്ന് ചടങ്ങ് മാത്രം നടത്തും, ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചിലര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പാലിക്കാതിരുന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടി വരും. ഇത് സമൂഹത്തിന്റെ ആകെ നന്മയ്ക്കായിട്ടാണെന്നും മറ്റ് മാര്‍ഗമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാടാകെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ക്ക് ഇപ്പോഴും നേരം വെളിത്തിട്ടില്ല എന്ന തരത്തിലാണ് പ്രതികരണം. അത്തരക്കാരോട് പറയാനുള്ളത് നിങ്ങള്‍ക്ക് വേണ്ടി കൂടിയാണ് ഈ പോരാട്ടം എന്നാണ്. അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. കൂടുതല്‍ പേര്‍ വീടുകളിലുള്ളവരാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ കെയര്‍ ഹോമില്‍ നിരീക്ഷണത്തില്‍ കഴിയാം. പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിര്‍ത്തിയില്‍ ഒരു ചരക്ക് വണ്ടിയും തടയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ചരക്ക് നീക്കം തടയുന്നത് ആശങ്കാജനകമാണ്. ബസുകളിലെ ദീര്‍ഘദൂര യാത്ര ജനങ്ങള്‍ ഒഴിവാക്കണം. ചെറിയ യാത്രകള്‍ക്ക് പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News