പ്രിയരേ, നമ്മളിപ്പോള്‍ ഐസൊലേഷനിലാണ്; ധാരാളം സമയമുണ്ട്, ഇരിക്കാം, ചിന്തിക്കാം: റഫീക്ക് അഹമ്മദ്

റഫീക്ക് അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരം: ചെറിയ ചെറിയ ഉറുമ്പുകള്‍ നിരയിട്ട് പുലരി മണ്ണിലൂടെ സഞ്ചരിക്കുന്നത് കാണാം. പശുവിന്റെ കണ്ണിലെ രാക്കയങ്ങളിലേക്ക് നോക്കി, പുല്ലിന്റെ നറുമണം നുകര്‍ന്ന് ഇരിക്കാം. ഒരു ഉത്തേജന മരുന്നിന്റെയും സഹായമില്ലാതെ, ഒരു ധ്യാന ബോധോദയത്തിന്റെയും മിന്നലില്ലാതെ പുല്‍ച്ചാടികള്‍, അണ്ണാറക്കണ്ണന്‍ തുള്ളിച്ചാടുന്നത് കാണാം. കോപ്പിറൈറ്റിനെക്കുറിച്ച് ആകുലതകളില്ലാതെ, ആരും കേള്‍ക്കുന്നില്ലല്ലോ എന്ന ആകുലതയില്ലാതെ പാടുന്ന പുള്ളിനെ കേള്‍ക്കാം.

നമ്മുടെ കയ്യില്‍ ലോകത്തെ പലവട്ടം ചുട്ടുകരിക്കാന്‍ കഴിവുള്ള അണ്വായുധങ്ങളുണ്ട്. ഓരോ രാജ്യത്തിനും സുസജ്ജങ്ങളായ സൈന്യങ്ങളുണ്ട്. അത്യാധുനിക മരണായുധങ്ങള്‍ ഉണ്ട്. കണ്ണുകൊണ്ട് കാണാനാവാത്ത വൈറസ് നമ്മുടെ അഹങ്കാര ജഡിലമായ വിവര ശൂന്യതയെ നോക്കി കൊഞ്ഞനം കുത്തുന്നത് സങ്കല്‍പ്പിക്കാം.

ലോകത്തിലെ എല്ലാ സൈനികരും നിരന്നു നിന്ന് അറ്റന്‍ഷന്‍ വിട്ട് പൊട്ടിച്ചിരിക്കുന്നത് സ്വപ്നം കാണാം. കുട്ടികളെപ്പോലെ ഒരു പാട് മെഡലുകള്‍ നെഞ്ചത്തു കുത്തി മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന സൈനിക മേധാവിമാരുടെ എളിയില്‍ ഇക്കിളിയിട്ട് ചിരിപ്പിക്കുന്നത് സങ്കല്‍പ്പിക്കാം.

ജീവിതം മുഴുവന്‍ ഒരു പച്ചക്കള്ളമാക്കി ആയുഷ്‌കാലം മുഴുവന്‍ നുണ പറയാന്‍ വിധിക്കപ്പെട്ട നിസ്സഹായരായ പ്രധാനമന്ത്രിമാര്‍, പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍… പാവങ്ങള്‍ അവരെ സാന്ത്വനിപ്പിക്കുവാന്‍, ആത്മാവ് നഷ്ടപ്പെടുത്തി നിങ്ങള്‍ നേടുന്നത് നരകമാണെന്ന് പറഞ്ഞു കൊടുക്കുന്നതായി വിചാരിക്കാം.

ഈ ലോകം ഒരിക്കലും നേരെയാവില്ല എന്നതിനാല്‍ തല്‍ക്കാലം പി.സുശീലയുടെ ഒരു പാട്ടു കേട്ടിരിക്കാം എന്നും തീരുമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News