ഗള്‍ഫില്‍ നിന്നെത്തിയ മലയാളി യുവാക്കളില്‍ 25 പേര്‍ മുംബൈയില്‍ നിരീക്ഷണത്തില്‍

മുംബൈ: ഗള്‍ഫില്‍ നിന്നും ഇന്ന് രാവിലെ ദുബായ് എമിരേറ്റ്‌സ് വിമാനത്തിലും ഇന്‍ഡിഗോയിലുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമ്പതോളം മലയാളി യുവാക്കളില്‍ എമിറേറ്റീസില്‍ വന്ന 25 പേരാണ് എയര്‍പോര്‍ട്ടില്‍ പരിശോധനക്ക് ശേഷം നിരീക്ഷണത്തിനായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് പറഞ്ഞയിച്ചിരിക്കുന്നത് .

ഇന്‍ഡിഗോയിലെത്തിയ യാത്രക്കാര്‍ക്ക് വിമാന കമ്പനി തുടര്‍ യാത്ര നിഷേധിച്ചെങ്കിലും പണം തിരികെ നല്‍കി ഇവരെയെല്ലാം തുടര്‍ പരിശോധനക്കായി പറഞ്ഞയക്കുകയായിരുന്നു. ഇവരില്‍ മലയാളികളായ യാത്രക്കാര്‍ 14 ദിവസത്തെ നിരീക്ഷണത്തിനായി മുംബൈയില്‍ തങ്ങുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കോഴിക്കോട് സ്വദേശിയായ അരുണ്‍ അറിയിച്ചു. മലബാറിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖമായ പങ്ക് വഹിച്ച നേതാക്കളില്‍ ഒരാളായിരുന്ന കല്ലാട്ട് കൃഷ്ണന്റെ മരുമകന്‍ കൂടിയാണ് അരുണ്‍.

മുംബൈ എയര്‍പോര്‍ട്ടില്‍ നടത്തിയ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും നിരീക്ഷണം ആവശ്യമാണെന്ന അഭിപ്രായം ഉയര്‍ന്നതോടെ ഇവരുടെ തുടര്‍ യാത്ര തടഞ്ഞു വയ്ക്കുകയായിരുന്നു. എന്നാല്‍ ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കാനോ നിരീക്ഷണത്തിനായി മുംബൈയില്‍ തങ്ങുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനോ ആദ്യം എയര്‍ ഇന്ത്യ ജീവനക്കാര്‍ വിസമ്മതിച്ചു. ഇതാണ് എല്ലാവരെയും പരിഭ്രാന്തിയിലാക്കിയതെന്നാണ് സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ അരുണും അഷ്‌റഫുമെല്ലാം പറഞ്ഞത്.

പരിചയമില്ലാത്ത നഗരത്തില്‍ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര അനിശ്ചിതാവസ്ഥയിലായതോടെ ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വീഡിയോ പങ്കു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ലോക കേരള സഭാംഗമായ ടി എന്‍ ഹരിഹരന്റെയും മുംബൈ നോര്‍ക്ക ഓഫീസര്‍ ശ്യാമിന്റെയും സമയോചിതമായ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. കൊറോണ ക്വാറന്റൈന്‍ സീല്‍ പതിപ്പിച്ച കൈകളുമായി പുറത്തേക്കിറങ്ങാന്‍ പോലും കഴിയാതെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഭയന്നിരിക്കുകയായിരുന്നു ഇവര്‍.

നോര്‍ക്കയുടെ പ്രത്യേക കരുതലില്‍ തുടര്‍ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കിയ ഇരുപത്തി അഞ്ചംഗ സംഘത്തെ എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തത്തിലാണ് ഇപ്പോള്‍ മുംബൈയില്‍ താമസിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും പരിശോധനക്ക് വിധേയരാക്കി ഇവരെ ജന്മനാട്ടിലേക്ക് പറഞ്ഞു വിടാനാകുമെന്നാണ് നോര്‍ക്ക ഓഫീസര്‍ ശ്യാം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here