കൊറോണ: മരണസംഖ്യ 12,700 കടന്നു ; രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം

ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്ന 41 പേരെ അവിടെ കണ്ടെത്തി. ഏഴുപേര്‍കൂടി മരിച്ചതോടെ ചൈനയില്‍ ആകെ മരണസംഖ്യ 3,255 ആയി.

ലോകത്തെ 68 രാജ്യത്തിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12,700 കടന്നു. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ഇവരില്‍ 95,000ലധികം ആളുകള്‍ രോഗമുക്തരായി. 35 രാജ്യത്തിലായി 100 കോടിയോളം ആളുകള്‍ മുന്‍കരുതലായി വീടുകളില്‍ത്തന്നെ കഴിയുകയാണ്.

ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയിലെ ശനിയാഴ്ചത്തെ കണക്ക് ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച 627 പേരുടെ മരണവിവരംകൂടി അറിവായപ്പോള്‍ മരണസംഖ്യ 4032 ആയിരുന്നു. ഒറ്റദിവസം ഏതെങ്കിലും രാജ്യത്തുണ്ടായ ഏറ്റവും വലിയ മരണസംഖ്യയാണ് 627. വെള്ളിയാഴ്ചവരെ 450 പേര്‍ മരിച്ച ഫ്രാന്‍സ്, 177 പേര്‍ മരിച്ച ബ്രിട്ടന്‍ എന്നിവിടങ്ങളിലെ പുതിയ കണക്ക് ലഭ്യമായിട്ടില്ല.

സ്പെയിനില്‍ 233 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 1326 ആയി. അമേരിക്കയില്‍ മരണസംഖ്യ 300 കടന്നു. നെതര്‍ലന്‍ഡ്സിലും ബെല്‍ജിയത്തിലും 30 പേര്‍ വീതംകൂടി മരിച്ചതോടെ ആകെ മരണസംഖ്യ യഥാക്രമം 136ഉം 67ഉം എന്നിങ്ങനെയായി. യൂറോപ്പാണ് ഇപ്പോള്‍ രോഗത്തിന്റെ പ്രധാന കേന്ദ്രം. എന്നാല്‍, 54 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 40 എണ്ണത്തില്‍ രോഗം എത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആയിരത്തോളം രോഗികളാണ് ഇപ്പോള്‍ ആഫ്രിക്കയിലുള്ളത്.

രോഗത്തിന്റെ ഭീകരാവസ്ഥയില്‍നിന്ന് ഏറെക്കുറെ മോചിതമായ ചൈന ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കടക്കം സഹായവുമായി രംഗത്തുണ്ട്. ശനിയാഴ്ച 18 ടണ്‍ ചികിത്സാസാമഗ്രികളുമായി എയര്‍ ചൈനയുടെ വിമാനം ഗ്രീസിലെ ആഥന്‍സിലിറങ്ങി.

ഗള്‍ഫില്‍ നിരവധി അറസ്റ്റ്

വൈറസ് വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ക്കശമാക്കി. ജിസിസി പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം യുഎഇ പിന്‍വലിച്ചു. ശനിയാഴ്ചമുതല്‍ സൗദിയില്‍ രണ്ടാഴ്ചത്തേക്ക് ആഭ്യന്തര വിമാന സര്‍വീസ് ഉള്‍പ്പെടെ പൊതുഗതാഗതം നിര്‍ത്തി. കുവൈത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ആഗസ്ത് മൂന്നുവരെ ദീര്‍ഘിപ്പിച്ചു. കുവൈത്തില്‍ ഒരുമാസം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമാക്കി. വിലക്ക് ലംഘിച്ച് ഒത്തുചേരല്‍ സംഘടിപ്പിച്ചവരെ കുവൈത്ത് അറസ്റ്റ് ചെയ്തു.

ഖത്തറില്‍ ഡ്രൈവിങ് പരിശീലനവും ടെസ്റ്റും ഞായറാഴ്ചമുതല്‍ നിര്‍ത്തിവയ്ക്കും. ഗാര്‍ഹിക നിരീക്ഷണം ലംഘിച്ച കേസില്‍ പത്ത് ഖത്തര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ബഹ്റൈനില്‍ കോവിഡ്- വ്യാപനത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് ഉള്‍പ്പെടെ 65 സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി.

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവരെ എത്തിക്കാനായി ഒമാന്‍ എയര്‍ ഞായറാഴ്ച പ്രത്യേക സര്‍വീസ് നടത്തും. പുലര്‍ച്ചെ 2.15ന് മസ്‌കത്തില്‍നിന്ന് കോഴിക്കോട്ടേക്കാണ് സര്‍വീസ്. അബുദാബി, ദുബായ്, ബഹ്റൈന്‍, ദോഹ, ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്ന് ഈ വിമാനത്തിന് കണക്ഷന്‍ ലഭ്യമാക്കി. രാവിലെ 7.10 കരിപ്പൂരില്‍ എത്തുന്ന വിമാനം 8.10ന് മസ്‌കത്തിലേക്ക് മടങ്ങും. മടക്കയാത്രയില്‍ ഒമാന്‍ പൗരന്മാരെ മാത്രമേ അനുവദിക്കൂ. കോവിഡ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചു. നമ്പര്‍: 00966114884697.

ആംസ്റ്റര്‍ഡാമില്‍നിന്ന് വന്ന വിമാനം മടക്കിയയച്ചു

വിലക്ക് ലംഘിച്ച് 100 ഇന്ത്യക്കാരുമായി നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനം മടക്കി അയച്ചു. ഒരു ഗര്‍ഭിണി അടക്കമുള്ള യാത്രക്കാരുമായി കെഎല്‍എം റോയല്‍ ഡച്ച് വിമാനമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മടക്കി അയച്ചത്. റഷ്യക്കുമുകളിലൂടെ പറക്കവെ നിര്‍ദേശത്തെത്തുടര്‍ന്ന് വിമാനം മടങ്ങി. എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ ഇറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഞായറാഴ്ച രാവിലെയാണ് പ്രാബല്യത്തിലാവുക. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് മാര്‍ച്ച് 18ന് പ്രാബല്യത്തിലുണ്ട്.

നിര്‍ദേശങ്ങള്‍ വ്യാഖ്യാനിച്ചതില്‍വന്ന പിഴവാകാം വിമാനം പുറപ്പെടാന്‍ ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്ക, ക്യാനഡ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് ആംസ്റ്റര്‍ഡാമിലെ ഷിപ്പോള്‍ വിമാനത്താവളത്തില്‍നിന്ന് യാത്രചെയ്തത്. അതിനാല്‍ യൂറോപ്യന്‍ യൂണിയനുള്ള വിലക്ക് ഇവര്‍ക്ക് ബാധകമാകുമോ എന്നതും തര്‍ക്കവിഷയമായി. എവിടെ നിന്നുള്ളവരായാലും യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തുനിന്ന് പുറപ്പെട്ടാല്‍ പ്രവേശനാനുമതിയില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചതോടെ വിമാനം മടങ്ങി. അംഗീകൃത യാത്ര പദ്ധതിയില്ലാതെയാണ് വിമാനം എത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here