ആരോഗ്യപ്രവര്‍ത്തകര്‍ ഇനി 3 പാളിയാകും ; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് കൂടുതല്‍ ഭീഷണിയായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ക്രമീകരിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യമുള്ള പ്രധാന ആശുപത്രികളിലും ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ മൂന്ന് സംഘമായി തിരിക്കും.


പ്രതിസന്ധിഘട്ടം ഉണ്ടായാല്‍ ആവശ്യമായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്താനാണിത്. സംസ്ഥാനത്തെ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ഇത് എത്രയും വേഗം നടപ്പാക്കണമെന്ന് ആരോഗ്യ ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.

കോവിഡ്–19 ബാധിതരില്‍നിന്ന് രോഗം പകരാന്‍ ഏറ്റവും സാധ്യതയുള്ള ഒരു വിഭാഗമാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നടങ്കം രോഗം ബാധിച്ചാല്‍ അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് പുതിയ ക്രമീകരണം.

ക്രമീകരണം ഇങ്ങനെ

  • ആകെ മൂന്ന് സംഘം
  • ഓരോ സംഘത്തിലും ഫിസിഷ്യന്‍, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍.
  • കോവിഡ്ബാധിതരെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉള്ളവരെയും ഒന്നാം സംഘം ചികില്‍സിക്കും. ഇവരെ മറ്റ് ഡ്യൂട്ടികളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കും.
  • ആശുപത്രിയിലെ മറ്റ് ചുമതലകള്‍ രണ്ടാം സംഘം നിര്‍വഹിക്കും. ഒന്നാം സംഘത്തിലെ ആര്‍ക്കെങ്കിലും അസുഖം ബാധിച്ചാല്‍ രണ്ടാം സംഘത്തില്‍നിന്ന് അവശ്യമായവരെ പകരം നിയോഗിക്കും.
  • മൂന്നാം സംഘത്തിന് ശമ്പളത്തോടെയുള്ള അവധി നല്‍കും. ഇവര്‍ പൂര്‍ണസമയം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണം. പുറത്തുപോകാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ല. ഒന്നും രണ്ടും സംഘങ്ങളെ പിന്‍വലിക്കേണ്ടി വന്നാല്‍ മൂന്നാം സംഘം ചുമതല ഏറ്റെടുക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News