കൊറോണ: രണ്ട് ദിവസം കൊണ്ട് രാജ്യത്ത് വൈറസ് ബാധിതര്‍ ഇരട്ടിയായി; പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്കും അനുമതി

ഇന്ത്യയിൽ കൊറോണ ബാധിതർ രണ്ടു ദിവസംകൊണ്ട്‌ ഇരട്ടിയായി. 24 മണിക്കൂറിനുള്ളിൽ 98 പുതിയ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ശനിയാഴ്‌ച പകൽ മാത്രം അറുപതിലേറെപ്പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതർ 315 ആയി. ഇതിൽ 39 വിദേശികളാണ്‌. 20 സംസ്ഥാനങ്ങളിലാണ്‌ രോഗവ്യാപനം.

വിദേശരാജ്യങ്ങളിൽനിന്നുവന്ന 1700 ഇന്ത്യക്കാർ നിരീക്ഷണത്തിലാണ്‌. ഡൽഹിയിൽ രോഗികൾ 26 ആയി. മൂന്ന്‌ വിദേശികളടക്കം 63 പേർക്ക്‌ മഹാരാഷ്‌ട്രയിൽ രോഗം സ്ഥിരീകരിച്ചു. കർണാടകത്തിൽ 18 പേർക്കാണ്‌ രോഗം.

കൊറോണ പരിശോധനയ്‌ക്ക്‌ സ്വകാര്യ ലാബുകൾക്കും അനുമതി നൽകി. വ്യാപനത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്‌ രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കണമെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌.

ശ്വാസകോശരോഗമുള്ളവർ, ശ്വാസതടസ്സമുള്ളവർ, പനിയും കഫവുമുള്ളവർ തുടങ്ങി ആശുപത്രികളിലുള്ള എല്ലാ രോഗികളിലും കോവിഡ്‌ പരിശോധിക്കണം.

രണ്ടു ട്രെയിനിലായി 12 രോഗികൾ യാത്ര ചെയ്‌തതായി റെയിൽവേ. മൂന്നിന്‌ സമ്പർക്‌ ക്രാന്തി എക്സ്‌പ്രസിൽ ഡൽഹിയിൽനിന്ന്‌ ആന്ധ്രപ്രദേശിലെ രാമഗുണ്ടത്തേക്ക്‌ പോയ എട്ടുപേർക്കും 16ന്‌ മുംബൈയിൽനിന്ന്‌ ജബൽപുരിലേക്കുപോയ ഗോദൻ എക്സ്‌പ്രസിലെ നാലുപേർക്കുമാണ്‌ രോഗം.

മാസ്‌കും സാനിറ്റൈസറും അവശ്യസാധന നിയമത്തിന്റെ പരിധിയിൽപ്പെടുത്തി ഉത്തരവായി. രണ്ട്‌ ലെയറുള്ള മാസ്‌കിന്‌ എട്ടുരൂപയും മൂന്നു ലെയറുള്ളതിന്‌ 10 രൂപയും പരമാവധി വില. ഹാൻഡ്‌ സാനിറ്റൈസർ 200 മില്ലി കുപ്പിക്ക്‌ 100 രൂപ.

ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്‌ ഡൽഹിയിലെ ഇന്ത്യാ ഗേറ്റും ചെന്നൈയിലെ മറീന ബീച്ചും അടച്ചു. അടിയന്തരസാഹചര്യം നേരിടാൻ ഞായറാഴ്‌ച സർക്കാർ ആശുപത്രികളിൽ മോക്‌ഡ്രിൽ നടത്തുമെന്ന്‌ ആരോഗ്യമന്ത്രാലയം.

ബോളിവുഡ്‌ ഗായിക കനിക കപൂറിനെതിരെ മരണകാരണമാകാവുന്ന വൈറസ്‌ പരത്തുന്നനിലയിൽ അലംഭാവം കാട്ടിയതിന്‌ യുപി പൊലീസ്‌ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News