മുംബൈയില്‍ ലോക്കൽ ട്രെയിനുകളിൽ ഇന്ന് മുതൽ യാത്രാ വിലക്ക്

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി കൊങ്കൺ റേഞ്ചിലെ ഡിവിഷണൽ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ലക്ഷക്കണക്കിന് യാത്രക്കാരാണ് ദിവസേന ഈ സേവനത്തെ ആശ്രയിച്ചു ആശ്രയിച്ചു ജീവിക്കുന്നത്.

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വന്ന ഗണ്യമായ വർദ്ധനവിനെ തുടർന്നാണ് സംസ്ഥാന സർക്കാർ കടുത്ത തീരുമാനവുമായി മുന്നോട്ട് പോകുവാൻ നിർബന്ധിതരായിരിക്കുന്നത്. ഇന്ന് മാർച്ച് 22 മുതലാണ് പൊതുജനങ്ങൾക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് സംസ്ഥാന സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഭാഗികമായി സർവീസുകൾ റദ്ദാക്കുവാൻ വിധേയമാക്കിയതിന് ശേഷമാണ് ഈ നടപടി. ഓഫീസുകൾ, ജിമ്മുകൾ, മാളുകൾ കൂടാതെ കൂടുതൽ ജനസമ്പർക്കമുള്ള മറ്റ് പൊതു ഇടങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ടത്തോടെ മഹാനഗരം ചരിത്രത്തിലാദ്യമായി നിശ്ചലമായിരിക്കയാണ്.

ഇത് സംബന്ധിച്ച് കൊങ്കൺ റേഞ്ചിലെ ഡിവിഷണൽ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്നവർക്ക് ബാധകമല്ല. സാധാരണക്കാരായ യാത്രക്കാർക്കായിരിക്കും പുതിയ നിയമം ബാധകമാകുക. ഇതോടെ അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്നവർക്ക് മാത്രമായിരിക്കും ലോക്കൽ ട്രെയിൻ യാത്ര ചെയ്യുവാനുള്ള അനുവാദം.

നിയന്ത്രണത്തിന്റെ ഭാഗമായി ഐഡി കാർഡുകൾ നിർബന്ധമാക്കും. ഐഡി കാർഡുകൾ പരിശോധിക്കുന്നതിനായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക സ്ക്വാഡുകൾ സജ്ജമാക്കിയിട്ടുണ്ട് . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നാണ് കൊങ്കൺ റേഞ്ച് ഡിവിഷണൽ കമ്മീഷണർ ശിവാജി ധൗണ്ട് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here