‘ഭക്ഷണവും വിശ്രമവും നമുക്കുവേണ്ടി ഉപേക്ഷിച്ചവര്‍; നിങ്ങള്‍ക്ക് കേരളത്തിന്റെ അഭിവാദ്യം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകം മുഴുവന്‍ ഭീതിയിലായിരിക്കുന്ന സമയത്തും മറ്റുള്ളവര്‍ക്കുവേണ്ടി കര്‍മനിരതരായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19 ഭീതിയില്‍ ലോകം സ്തംഭിച്ച് നില്‍ക്കുമ്പോള്‍, ഭയമൊഴിഞ്ഞ ഒരു ദിവസത്തിലേക്ക് എത്തിക്കാന്‍ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്പര്യങ്ങളും മാറ്റി വച്ച് നമുക്കായി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട് ഇവിടെ.

ഓരോ ദുരന്തങ്ങളിലും നമുക്ക് കൈത്താങ്ങാവുന്ന, പരിചരണം തരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനായി ഈ പോരാട്ടത്തിന് മുന്‍പിലുണ്ട്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് & തീയറ്റര്‍ ടെക്‌നീഷ്യന്‍സ്, അറ്റന്‍ഡര്‍സ്, ക്ലീനിംഗ് സ്റ്റാഫ്‌സ്, ഫാര്‍മസിസ്റ്റുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കൗണ്‍സിലര്‍സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ്, ആശാ വര്‍ക്കേര്‍സ് തുടങ്ങിയവരുടെ അത്യധ്വാനമാണ് നമ്മളെ ഇതുവരെ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തരാക്കിയത്.

സംസ്ഥാനത്തെ പൊലീസ്, ഫയര്‍ഫോഴ്സ്, ജയില്‍ തുടങ്ങിയ സേനാംഗങ്ങളും സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ ഈ പോരാട്ടത്തിന്റെ മുന്നിലുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ , ജയില്‍ അന്തേവാസികള്‍ തുടങ്ങി വലിയൊരു കൂട്ടവും പിന്തുണയുമായുണ്ട്.

കോവിഡ് -19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മുന്നോട്ടു പോകാന്‍ കരുത്തേകുന്നത് ഈ പിന്തുണയാണ്. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ നമുക്ക് ഇനിയും സഞ്ചരിക്കാനുണ്ട്.

ഊര്‍ജ്ജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാം. എല്ലാവരേയും കേരളത്തിനു വേണ്ടി അഭിവാദ്യം ചെയ്യുന്നു മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News