മുംബൈയില്‍ മലയാളി യുവാവിന് കൊറോണ

മഹാരാഷ്ട്രയില്‍ കോറോണോ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് 19 ബാധിച്ച ആദ്യ മലയാളി മുംബൈ ഐരോളിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐരോളി സെക്ടര്‍ 19 ലാണ് കൊറോണ സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്ന് വന്ന മലയാളിയാണെന്ന് അറിയാന്‍ കഴിഞ്ഞത്. 30 വയസ്സാണ് പ്രായം. കഴിഞ്ഞാഴ്ച തുര്‍ക്കിയില്‍ നിന്നും വന്ന ഇയാളുടെ ഭാര്യയും ഒരു വയസായ കുട്ടിയും പുണെയിലാണ്.

ഒരാഴ്ചയായി നവി മുംബൈയിലെ വീട്ടിലെത്തിയ ഇയാള്‍ക്ക് വിമാനത്താവളത്തിലെ പരിശോധനയില്‍ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഒന്ന് രണ്ടു ദിവസമായി വിട്ടു മാറാത്ത ജലദോഷവും ചെറിയ പനിയുമായിരുന്നു സംശയത്തിന് ഇടം നല്‍കിയത്.

അങ്ങിനെയാണ് നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ സഹായത്തോടെ യുവാവിനെ മുംബൈയിലെ കസ്തുര്‍ബ ആശുപത്രിയില്‍ കൊറോണ വൈറസ് പരിശോധനക്ക് വിധേയനാക്കിയത്. പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇതോടെ വീട്ടിലുള്ള പ്രായമായ അഛനേയും അമ്മയേയും അടിയന്തിര പരിശോധനക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.

കോവിഡ് 19 സ്ഥിരീകരിച്ചതോടെ യുവാവ് താമസിക്കുന്ന കെട്ടിടവും പരിസരവുമെല്ലാം കര്‍ശന നിരീക്ഷണത്തിലാണിപ്പോള്‍. പന്ത്രണ്ട് നിലകളുള്ള താമസ സമുച്ചയത്തില്‍ മലയാളികളടക്കം 44 കുടുംബങ്ങളാണ് താമസിക്കുന്നത്. യുവാവ് പത്താം നിലയിലാണ് താമസിച്ചിരുന്നത്. ബില്‍ഡിംഗ് മുനിസിപ്പല്‍ അധികൃതരുടെ നിയന്ത്രണത്തിലാണെന്നും താമസക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പാടില്ലെന്ന നിര്‍ദ്ദേമുണ്ടെന്നും ഇതേ കെട്ടിടത്തിലെ താമസക്കാരനായ വിനോദ് പറയുന്നു.

വിദേശത്ത് നിന്നെത്തുന്നവരെ അടിയന്തരമായി ക്വാറന്റൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാനും 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയനാക്കുവാനുമുള്ള നടപടികള്‍ കര്‍ശനമാക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈ എടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here