കൊറോണ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്; കോ‍ഴിക്കോട് കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ; കൂടുതല്‍ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. രോഗം സ്ഥിരീകരിച്ച ജില്ലകൾ അടയ്ക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.

നിലവിൽ കാസർകോട്, കോ‍ഴിക്കോട് ജില്ലകള്‍ മാത്രമാണ് പൂർണമായും അടച്ചിട്ടിരിക്കുന്നത്. സംസ്ഥാനത്ത് 64 കൊവിഡ് ബാധിതർ ചികിത്സയിലുണ്ട്. നിലവിൽ കേരളത്തിലെ 11 ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ പരിഗണിക്കുന്നത്.

സംസ്ഥാനത്താകെ ഇന്നലെ മാത്രം 15 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചതോടെയാണ് കാസർകോട്, കോഴിക്കോട് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടുത്തിടെ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ അഞ്ച് പേർക്കാണ് കാസർകോട് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളത്തും മലപ്പുറത്തും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരിൽ പുതുതായി നാല് കേസുകളാണ് ഉള്ളത്. ഇതാദ്യമായാണ് കോഴിക്കോട് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അബുദാബിയിൽ നിന്നുള്ള ഒരു സ്ത്രീക്കും ദുബൈയിൽ നിന്നെത്തിയാൾക്കുമാണ് വൈറസ് ബാധ.

നിരോധനാജ്ഞ പ്രഖ്യാപിച്ച കാസർകോട്, കോഴിക്കോട് ജില്ലകളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ അനാവശ്യ യാത്രകളോ പാടില്ലെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ എണ്ണായിരത്തിലേറെ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ബസുകളിൽ ഒരു സീറ്റില്‍ ഒരു യാത്രക്കാരനെയേ അനുവദിക്കൂ. ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കും. ഇത്തരം കടകൾ അടയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതിനിടെ, കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളിൽ ലോക് ഡൗൺ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം ആവശ്യപ്പെടുന്നത്.

അങ്ങനെ വന്നാൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകുന്ന അവസ്ഥയുണ്ടാകും. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News