രാജ്യത്തിന്റെ വിപ്ലവനക്ഷത്രം: സീതാറാം യെച്ചൂരി എഴുതുന്നു

ഏപ്രിൽ ഒന്നുമുതൽ സെപ്‌തംബർ 30വരെ നടക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള സ്ഥിതിവിവരക്കണക്ക് ശേഖരണപ്രക്രിയയിൽ എന്യൂമറേറ്റർമാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല എന്ന്‌ വീട് വീടാന്തരം കയറിയിറങ്ങി വിശദീകരണം നൽകണമെന്ന് ജനുവരിയിൽ തിരുവനന്തപുരത്ത് ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തിരുന്നു.

പ്രചാരണപരിപാടികൾ ഭഗത്‌സിങ്ങും രാജ്ഗുരുവും സുഖ്ദേവും രക്തസാക്ഷികളായ മാർച്ച് 23ന് സമാപിക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ്–- 19 പൊട്ടിപ്പുറപ്പെട്ടതോടെ വലിയ കൂടിച്ചേരലുകളും പൊതുസമ്മേളനങ്ങളും വേണ്ടെന്ന് വയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. രക്തസാക്ഷി വാർഷികം പതിവുപോലെ ആചരിക്കപ്പെടും.

മൗലിക സംഭാവന

ഉൾക്കൊള്ളലിന്റേതായ ഒരു ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഭഗത്‌ സിങ്ങിന്റെ സംഭാവന മൗലികമാണ്. 1920–‐21 കാലത്തെ നിസ്സഹകരണസമരം ഗാന്ധിജി പെട്ടെന്ന് പിൻവലിച്ചതിനെത്തുടർന്ന് ദേശീയപ്രസ്ഥാനത്തിൽ വലിയ കോളിളക്കമുണ്ടായി. ഉണർത്തപ്പെട്ട ജനങ്ങളുടെ വിപ്ലവത്വര നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അപകടകരമാകുമെന്ന് ചൗരി ചൗരാ സംഭവത്തോടെ ഗാന്ധിജിക്കും ഇന്ത്യയിലെ ഭാവി ഭരണവർഗത്തിനും മനസ്സിലായി.

വിപ്ലവക്കൊടുങ്കാറ്റിൽ കൊളോണിയൽ അടിമത്തച്ചങ്ങലകൾ തകർത്തെറിയപ്പെടും. പക്ഷേ അതോടൊപ്പം നാടൻ ചൂഷകരുടെ കഥയും കഴിയും. ഗാന്ധിജി നിസ്സഹകരണസമരം പിൻവലിച്ചുകൊണ്ട് പറഞ്ഞത്, അതൊരു “ഹിമാലയൻ വങ്കത്ത’മായിരുന്നു എന്നാണ്.

അക്കാലത്തെ വിപ്ലവകാരികൾ മാത്രമല്ല, പ്രമുഖരായ കോൺഗ്രസ്‌ നേതാക്കൾ പോലും ഗാന്ധിജിയുടെ തീരുമാനത്തെ ചോദ്യംചെയ്തു. ജയിലിൽനിന്ന് ജവാഹർലാൽ നെഹ്‌റു എഴുതിയത്, വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ആവേശഭരിതമായിരുന്ന പ്രക്ഷോഭം പിൻവലിച്ചത് നിരാശാജനകമാണ് എന്നായിരുന്നു.

ജനങ്ങൾക്കിടയിൽ സാമാന്യമായും യുവാക്കൾക്കിടയിൽ വിശേഷിച്ചും പടർന്ന നിരാശ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന് ഒരു പുതിയ വഴിയും ദിശയും തേടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭഗത്‌സിങ്ങും സഹപ്രവർത്തകരും ഉയർന്നുവന്നത്.

ഭഗത്‌സിങ് സഖാക്കൾക്കൊപ്പം തൂക്കിലേറ്റപ്പെടുന്നത്, 24––ാം വയസ്സിലാണ്. ഇത്രയും ചെറിയ കാലത്തെ ജീവിതത്തിനിടയിൽ അദ്ദേഹത്തിന്റെ ധീര നടപടികൾ–- ലാലാ ലജ്പത് റായിയെപ്പോലുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയെ മർദിച്ച സാൻഡേഴ്സിനെ വെടിവച്ചതും ഡൽഹി പാർലമെന്റിന്‌ നേരെ ബോംബെറിഞ്ഞും -സ്വാതന്ത്ര്യസമരം ഏതു ദിശയിൽ മുന്നോട്ടു പോകണമെന്ന കാര്യത്തിൽ ആശയവ്യക്തത നൽകി.

ആശയസമരത്തിന്റെ പാത

സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം എന്തായിരിക്കണം എന്നതിനെച്ചൊല്ലി സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനകത്ത് ആശയസമരം നടന്നുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. ദേശീയപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കോൺഗ്രസ്‌ പ്രഖ്യാപിച്ച മുഖ്യധാരാവീക്ഷണം, ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്‌ സ്ഥാപിക്കുക എന്നതായിരുന്നു. അതിനോട് വിയോജിക്കാതെതന്നെ, ഇടതുപക്ഷം അതോടൊപ്പം പ്രഖ്യാപിച്ചത്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ സുസ്ഥിരത ഉറപ്പാക്കാനായി, നമ്മുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തെ ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തികസ്വാതന്ത്ര്യംകൂടിയാക്കി മാറ്റിത്തീർക്കേണ്ടതുണ്ട് എന്നാണ്.

അതായത് ചൂഷണരഹിതമായ ഒരു സമൂഹം -സോഷ്യലിസംതന്നെ. ഈ രണ്ടു വീക്ഷണങ്ങൾക്കും നേർവിരുദ്ധമായ മറ്റൊന്ന്‌, സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം ജനങ്ങളുടെ മതപരമായ ആഭിമുഖ്യത്തെ അടിസ്ഥാനമാക്കിയാകണം എന്നാണ്. ഇത് നയിച്ചത് ആർഎസ്എസും മുസ്ലിംലീഗും യഥാക്രമം മുന്നോട്ടുവച്ച ഹിന്ദുരാഷ്ട്രം, ഇസ്ലാമിക ഭരണകൂടം എന്ന ഇരട്ട ആവിഷ്കരണങ്ങളിലേക്കാണ്. വി ഡി സവർക്കറിന്റെ ദ്വിരാഷ്ട്രവാദത്തെ മുഹമ്മദലി ജിന്ന അന്ധമായി അനുകരിക്കുകയായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ തുടർന്നുണ്ടായ സംഭവവികാസങ്ങൾ നയിച്ചത് ദൗർഭാഗ്യകരമായ വിഭജനത്തിലേക്കും പാകിസ്ഥാന്റെ ആവിർഭാവത്തിലേക്കുമാണ്.

ശിഷ്ടഭാരതം, ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്‌ എന്ന ആശയത്തിൽത്തന്നെ ഉറച്ചുനിന്നു. അന്ന് ഹിന്ദുരാഷ്ട്രവാദത്തെ എതിർത്തുനിന്നു എന്നതാണ് ഗാന്ധിജി വധിക്കപ്പെടാനുള്ള സത്വരപ്രകോപനം. പക്ഷേ ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രആശയം നടപ്പാക്കിയെടുക്കാനുള്ള പരിശ്രമം തുടർന്നു. ഈ ശ്രമങ്ങളാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റിത്തീർക്കാനുള്ള നീക്കത്തിലും പ്രതിഫലിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന് നിലനിൽക്കാനാകണമെങ്കിൽ, ജനകീയ പ്രക്ഷോഭങ്ങൾ മുന്നോട്ടുനയിച്ച് സോഷ്യലിസത്തിലെത്തിച്ചേ പറ്റൂ എന്ന ഇടതുപക്ഷവീക്ഷണം ശരിയാണ് എന്നാണ്. ഇക്കാര്യമാണ് ഭഗത്‌സിങ്‌ മുന്നോട്ടുവച്ചത്‌. ഭഗത്‌സിങ്ങിന്റെ ആശയങ്ങളുടെ വ്യക്തത നമ്മുടെ സമകാലിക സമരങ്ങളിലും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.

ഭഗത്‌സിങ്‌ തയ്യാറാക്കിയ നൗജവാൻ സഭയുടെ ആറ് നിയമങ്ങളിൽ രണ്ടെണ്ണം ഇങ്ങനെയാണ്: “വർഗീയസംഘടനകളോ വർഗീയആശയങ്ങൾ പ്രചരിപ്പിക്കുന്ന മറ്റു കക്ഷികളുമായോ ഒരു ബന്ധവും പാടില്ല “, എന്നതും “മതം വ്യക്തിപരമായ ഒരു വിഷയമാണെന്ന് പരിഗണിച്ച് പൂർണമായും അപ്രകാരം പെരുമാറുകയും പൊതുജനങ്ങൾക്കിടയിൽ പൊതുവായി സഹിഷ്ണുതയുടെ സമീപനം വളർത്തുകയുംചെയ്യണം” എന്നതുമാണ്.

ഹിന്ദുസ്ഥാാൻ റിപ്പബ്ലിക് ആർമിയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി എന്നാക്കി മാറ്റിയതിനുശേഷം പ്രഥമയോഗത്തിൽ ഭഗത് സിങ്ങിന്റെ നേതൃത്വത്തിൽത്തന്നെ മതവർഗീയതയ്‌ക്കും മതാനുഷ്ഠാനങ്ങളിലെ ആചാരപ്രാമാണ്യത്തിനും വിലക്ക് കൽപ്പിച്ചിരുന്നു.

അതേത്തുടർന്നാണ് അദ്ദേഹം സിഖുകാരനെന്നനിലയിൽ നീട്ടിവളർത്തിയിരുന്ന മുടിയും താടിയും ഉപേക്ഷിക്കുന്നത്. വിദേശികളുടെ ചൂഷണവും നാടൻചൂഷണവും തമ്മിലുള്ള ബന്ധം ഭഗത്‌സിങ്ങും സഖാക്കളും നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അവർ സ്വാതന്ത്ര്യത്തെ മനുഷ്യൻ മനുഷ്യനെ ചൂഷണംചെയ്യുന്നത് അവസാനിപ്പിക്കുന്നതുമായി കൂട്ടിയോജിപ്പിച്ചു. ജയിലിൽനിന്നയച്ച ഒരു സന്ദേശത്തിൽ ഭഗത്‌സിങ്‌ എഴുതി: “ കർഷകർ വൈദേശികനുകത്തിൽനിന്ന് മാത്രം മോചനം നേടിയാൽ പോരാ, ഭൂപ്രഭുക്കളിൽനിന്നും മുതലാളിമാരിൽ നിന്നുംകൂടി മോചിതരാകണം.”

ഡൽഹി ബോംബ് കേസ്

ഡൽഹി ബോംബ് കേസ് വിചാരണയിൽ ഉടനീളം, ഭഗത്‌സിങ്ങും ബട്‌കേശ്വർ ദത്തും കോടതിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും “ഇൻക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. മജിസ്ട്രേട്ട്‌ ആ മുദ്രാവാക്യത്തിന്റെ അർഥം അന്വേഷിച്ചപ്പോൾ, അവർ എഴുതിത്തയ്യാറാക്കിയ മറുപടിയാണ് നൽകിയത്. അതിന്റെ ഏഴും എട്ടും ഖണ്ഡിക(പ്രസക്ത ഭാഗങ്ങൾ) ഇവിടെ കൊടുക്കുന്നു.

വിപ്ലവം എന്നത് രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഒരു പോരാട്ടമാകണം എന്നില്ല. വ്യക്തിപരമായ കുടിപ്പകയ്‌ക്ക് അതിൽ സ്ഥാനമില്ല. വിപ്ലവംകൊണ്ട് അർഥമാക്കുന്നത് പ്രകടമായ അനീതിയിൽ അധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥ മാറണം എന്നാണ്

വിപ്ലവം എന്ന വാക്ക് കൊണ്ട് ഞങ്ങൾ എന്താണ് അർഥമാക്കിയത് എന്ന് ഭഗത്‌‌സിങ്ങിനോട്‌ കീഴ്‌കോടതി ചോദിച്ചിരുന്നു. ‘ആ ചോദ്യത്തിന് ഉത്തരമായി ഞാൻ പറയട്ടെ, വിപ്ലവം എന്നത് രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഒരു പോരാട്ടമാകണം എന്നില്ല. വ്യക്തിപരമായ കുടിപ്പകയ്‌ക്ക് അതിൽ സ്ഥാനമില്ല. വിപ്ലവംകൊണ്ട് അർഥമാക്കുന്നത് പ്രകടമായ അനീതിയിൽ അധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥ മാറണം എന്നാണ്.

സമുദായത്തിന് ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കിലും, ഉൽപ്പാദകരുടെയും തൊഴിലാളികളുടെയും അധ്വാനത്തിന്റെ ഫലങ്ങൾ ചൂഷകർ കവർന്നെടുക്കുകയും അവരുടെ പ്രാഥമികഅവകാശങ്ങൾതന്നെ നിഷേധിക്കുകയും ചെയ്യുകയാണ്. കാര്യങ്ങൾ ഇങ്ങനെ തുടരാനാകില്ല. നമ്മുടെ സമുദായത്തിന്റെ ഇന്നത്തെ സ്ഥിതി അഗ്നിപർവതത്തിനുമേലുള്ള നൃത്തംചവിട്ടലാണ്. നമ്മുടെ നാഗരികതയുടെ മഹാസൗധം വേണ്ട സമയത്ത് സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഇടിഞ്ഞുതകരുക തന്നെ ചെയ്യും.

അതുകൊണ്ടുതന്നെ സമൂലമായ ഒരു മാറ്റം അത്യാവശ്യമാണ്. ഇത് ബോധ്യപ്പെടുന്നവരുടെ കടമയാണ്, സമൂഹത്തെ സോഷ്യലിസ്റ്റ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുക എന്നത്. വിപ്ലവം എന്നതുകൊണ്ട് ഞങ്ങൾ അർഥമാക്കുന്നത്. അത്തരം തകർച്ചയിലേക്ക് നയിക്കാത്ത ഒരു സാമൂഹ്യക്രമം നിലവിൽവരുത്തുക എന്നതാണ്. തൊഴിലാളികളുടെ പരമാധികാരം അംഗീകരിക്കുന്ന അത്തരമൊരു വ്യവസ്ഥയിൽ ലോക ഫെഡറേഷൻ മനുഷ്യവംശത്തെ മുതലാളിത്തത്തിന്റെ കെട്ടുപാടിൽനിന്നും സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയിൽനിന്നും രക്ഷിക്കും.

ഇതാണ് ഞങ്ങളുടെ ആദർശം. വിപ്ലവമെന്നത് മനുഷ്യവംശത്തിന്റെ അന്യാധീനപ്പെടുത്താനാകാത്ത അവകാശമാണ്. സ്വാതന്ത്ര്യമെന്നത്, എല്ലാവരുടെയും അനിഷേധ്യമായ ജന്മാവകാശമാണ്. തൊഴിലാളിയാണ് സമൂഹത്തെ നിലനിർത്തുന്നത്. ജനങ്ങളുടെ പരമാധികാരമെന്നത് തൊഴിലാളികളുടെ അവസാന ഭാഗധേയമാണ്.

വിപ്ലവത്തിന്റെ ഈ അൾത്താരയ്‌ക്കായി ഞങ്ങൾ ഞങ്ങളുടെ യുവത്വത്തെ സുഗന്ധദ്രവ്യമായി പുകയ്ക്കുകയാണ്. കാരണം, ഇത്തരമൊരു മഹത്തായ ലക്ഷ്യത്തിനായി സമർപ്പിക്കുന്ന ഒരു ത്യാഗവും അധികമാകില്ല. ഞങ്ങൾ സംതൃപ്തരാണ്. ഞങ്ങൾ വിപ്ലവത്തിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ്. വിപ്ലവം വിജയിക്കട്ടെ.

വർത്തമാനകാലസാഹചര്യം

ഇന്നത്തെ സാഹചര്യത്തിൽ പൗരത്വ ഭേദഗതി ബില്ലിനും എൻപിആറിനും എൻആർസിക്കുമെതിരെയുള്ള പ്രക്ഷോഭങ്ങൾ ആഴത്തിലും പരപ്പിലും വളരുമ്പോൾ, മോഡി സർക്കാർ അവലംബിക്കുന്നത്, ജനങ്ങളുടെ മഹാ ഭൂരിപക്ഷത്തിന്മേൽ ചൂഷണവും ദുരിതവും പല മടങ്ങ് വർധിപ്പിക്കുന്ന നയങ്ങളെയാണ്. സാമ്പത്തികമാന്ദ്യത്താേടൊപ്പം ദേശീയമുതലിന്റെയും പൊതുമേഖലയുടെയും കൊള്ളയും നടക്കുകയാണ്.

ബാങ്കുകൾവഴി ജനങ്ങളുടെ പണം നാടൻ, മറുനാടൻ കോർപറേറ്റുകളുടെ നേട്ടത്തിനായി പ്രയോജനപ്പെടുത്തുകയാണ്. ഇതോടൊപ്പമാണ് പണിയെടുക്കുന്നവരുടെ അവകാശങ്ങൾ തൊഴിൽനിയമ ഭേദഗതികൾവഴി തട്ടിപ്പറിച്ചെടുക്കുന്നതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും സിവിൽ സ്വാതന്ത്ര്യങ്ങളും കവർന്നെടുക്കുന്നതും. ഏത് എതിർശബ്ദത്തെയും ദേശദ്രോഹമായി കണക്കാക്കുകയാണ്.

യുക്തിക്കും യുക്തിചിന്തയ്‌ക്കുംമേൽ കടന്നാക്രമണം നടത്തുകയാണ്. ഇപ്പോഴത്തെ ആക്രമണങ്ങൾക്കെതിരെയുള്ള ജനകീയപ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകമായ അവകാശങ്ങൾ സംരക്ഷിച്ചുനിർത്തുന്നതിന് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിച്ചേ പറ്റൂ.

രക്തസാക്ഷിത്വത്തിന് 89 വർഷങ്ങൾക്ക് ശേഷവും ഭഗത്‌സിങ്ങും അദ്ദേഹത്തിന്റെ ജീവിതവും രചനകളും നമ്മുടെ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള ആവേശം നൽകുന്ന പ്രകാശഗോപുരങ്ങളായി ഉയർന്നുനിൽക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here