ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി ഐഒസി

ടോക്കിയോ: ഒളിംപിക്സ് നീട്ടിവെക്കുമെന്ന സൂചനയുമായി ഐഒസി ബോർഡ്. അന്തിമ തീരുമാനം നാലാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് സമിതി അറിയിച്ചു. പുതിയ സമയക്രമം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഒരു വർഷം വരെ ​ഗെയിംസ് നീട്ടിവയ്ക്കുന്നത് പരി​ഗണനയിലുണ്ട്. എന്നാൽ ഒളിംപിക്സ് റദ്ദാക്കില്ലെന്ന് അന്തരാഷ്ട്ര ഒളിംപിക്സ് സമിതി അധ്യക്ഷൻ തോമസ് ബാക്ക് പറഞ്ഞു. ഒളിംപിക്സ് മാറ്റേണ്ടി വരുമെന്ന് ജപ്പാനും സമ്മതിച്ചു.

പ്രഖ്യാപന പ്രകാരം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഒളിംപിക്സ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സ് നീട്ടിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് സമിതി വ്യക്തമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നീട്ടിവെക്കുന്നത് സംബന്ധിച്ച സൂചനകള്‍ പുറത്ത് വരുന്നത് എന്നതാണ് പ്രത്യേകത. അത്ലറ്റുകള്‍ അടക്കമുള്ളവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന തീരുമാനമേ കൈക്കൊള്ളൂവെന്ന് സമിതി വ്യക്തമാക്കി.

ഒളിംപിക്സ് റദ്ദാക്കുമെന്ന വാര്‍ത്ത തള്ളിയ ഐഒസി അത് പതിനൊന്നായിരം അത്ലറ്റുകളുടെയും അവരെ പിന്തുണക്കുന്നവരുടെയും സ്വപ്നം തകര്‍ക്കുമെന്നും സമിതി പറഞ്ഞു.

ഒളിംപിക്സ് റദ്ദാക്കുന്നത് ഒരു പ്രശ്നവും പരിഹരിക്കില്ലെന്നും അക്കാര്യം അജണ്ടയില്ലെന്നും ഒളിംപിക്സ് സമിതി അധ്യക്ഷന്‍ തോമസ് ബാക്ക് വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാന യോഗ്യത മത്സരങ്ങള്‍ റദ്ദാക്കിയതും ജിമ്മുകളും പൊതു ഇടങ്ങളും അടച്ചുപൂട്ടിയിതുമാണ് തീയ്യതി നീട്ടുന്നത് അടക്കമുള്ള തീരുമാനം കൈക്കൊള്ളാന്‍ ഒളിംപിക്സ് സമിതിയെ നിര്‍ബന്ധിതമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here