കൊറോണ: സുപ്രീംകോടതിയും അടച്ചു; സുപ്രധാന വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി അടച്ചു. സുപ്രധാന വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കാനാണ് തീരുമാനം.

കൊറോണ പടരുന്നത് പരിഗണിച്ച് ഈ മാസം പതിനാറ് മുതല്‍ സുപ്രീംകോടതിയില്‍
പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഫലപ്രദമല്ല എന്ന് അഭിഭാഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുകയും കോടതി നാലാഴ്ച അടച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കോടതി നേരിട്ട് കേസ് കേള്‍ക്കില്ല. അഭിഭാഷക ചേമ്പറുകള്‍ നാളെ വൈകുന്നേരം അഞ്ച് മണിയോടെ പൂട്ടാനും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു.

സുപ്രീംകോടതിയില്‍ പ്രവേശിക്കാനുള്ള അഭിഭാഷക പാസ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. അടിയന്തര ഘട്ടത്തില്‍ അഭിഭാഷകര്‍ക്ക് കോടതി വളപ്പില്‍ കയറാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ അനുമതി വേണം.

അഭിഭാഷക ചേമ്പറുകള്‍ സാനിറ്റൈസ് ചെയ്യാനുള്ള ചുമതല ബാര്‍ അസോസിയേഷന് നല്‍കി. എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ കോടതി പരിഗണിക്കും. അതും വീഡിയോ കോണ്ഫറന്‍സ് വഴി മാത്രം.

ഇന്നത്തെ കോടതി നടപടികള്‍ വീഡിയോ കോണ്ഫറന്‍സ് വഴിയായിരുന്നു. ഇതിനായി ചീഫ് ജസ്റ്റിസ് കോടതിക്കുള്ളില്‍ സ്‌ക്രീന്‍ തയ്യാറാക്കി. ക്യാമറയും സ്ഥാപിച്ചു. ഓരോ ആഴ്ചയും സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന് തീരുമാനിക്കും.

മെയ് 18 മുതല്‍ ജൂലൈ 5 വരെയാണ് സുപ്രീംകോടതിയുടെ വേനല്‍ അവധി. അടച്ചുപൂട്ടല്‍ സാഹചര്യം ഏറെ ദിവസം നീണ്ടാല്‍ അവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല.

കേരള ഹൈക്കോടതി അടച്ചു

കൊച്ചി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതി അടച്ചു.

ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും ഇനി കോടതി പരിഗണിക്കുക.

ഏപ്രില്‍ എട്ടുവരെ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം അത്യാവശ്യ കേസുകള്‍ കേള്‍ക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രില്‍ എട്ടിനു മധ്യവേനല്‍ അവധിയ്ക്കായി കോടതി അടയ്ക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here