നിയന്ത്രണം ശക്തമാക്കി കേരളം; കാസര്‍ഗോഡ് പൂര്‍ണമായി അടച്ചിടും; പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടും; മറ്റു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; എല്ലാ ബാറുകളും അടയ്ക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനം തടയുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

കാസര്‍ഗോഡ് ജില്ല, സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി അടയ്ക്കുമ്പോള്‍ ജനങ്ങള്‍ ആരും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവശ്യ വസ്തുക്കള്‍ വ്യാപാരി വ്യവസായികള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും.

ഭാഗീകമായി അടച്ചിടുന്ന പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല.

വൈറസ് സ്ഥിരീകരിച്ച മറ്റ് ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കും. കൃത്യമായി രീതിയില്‍ ഈ ഏഴ് ജില്ലകളിലും ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്നും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കില്ല. വ്യാജ മദ്യത്തിന്റെ വ്യാപനം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. എന്നാല്‍ നിലവില്‍ ഉള്ളതിലധികം കടുത്ത നിയന്ത്രണങ്ങള്‍ ബവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കൊണ്ടുവരും.

മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ടായിരുന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News