കൊറോണ: ജയില്‍ അന്തേവാസികള്‍ക്ക് ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജയില്‍ അന്തേവാസികള്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. ജാമ്യവും പരോളും അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ കോടതി ഉത്തരവ്.

രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികള്‍ സുരക്ഷിതരാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസിലാണ് നിര്‍ണായക ഉത്തരവ്. ജയിലില്‍ കഴിയുന്നവര്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിര്‍ദേശം നല്‍കിയത്.

ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ചെറു കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവര്‍, ചുരുങ്ങിയ വര്‍ഷത്തേക്ക് തടവ് ലഭിച്ച പ്രതികള്‍ എന്നിവരെയാണ് ജാമ്യമോ പരോളോ നല്‍കാന്‍ പരിഗണിക്കേണ്ടത്. ആരെ വിട്ടയക്കണമെന്ന് തീരുമാനിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാന നിയമ സെക്രട്ടറി, ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍, പ്രിസന്‍സ് ഡി ജിമാര്‍ എന്നിവരടങ്ങിയതാകണം സമിതി. കൊറോണ വ്യാപനം വിലയിരുത്തി ഈ ഇളവ് നീട്ടണമോയെന്നതില്‍ സമിതിക്ക് തീരുമാനമെടുക്കാം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ജാമ്യവും പരോളും അനുവദിക്കുമെന്ന് ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കൂടുതല്‍ കൊറോണ ടെസ്റ്റിംഗ് സംവിധാനം, ക്വാറന്റീന്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടിസ് അയച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here