കൊറോണ: ഭക്ഷണവും വെള്ളവുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍; പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത് രണ്ട് ദിവസം

പാലക്കാട്: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ധാക്കിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത് രണ്ട് ദിവസം. കൈരളി ന്യൂസ് ഇവരുടെ ദുരിതത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയതോടെ അധികൃതരുടെ അടിയന്തിര ഇടപെടല്‍. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഇവര്‍ക്കായി താത്ക്കാലിക താമസ സൗകര്യവും ഭക്ഷണവുമൊരുക്കി.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പാലക്കാടെത്തിയതാണ് ഈ ഇതര സംസ്ഥാന തൊഴിലാളികള്‍. ജനകീയ കര്‍ഫ്യൂവിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ധാക്കിയതോടെ ഇവര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പെരുവഴിയിലായി. ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. നടപ്പാതയില്‍ കിടന്നുറങ്ങി.

കോവിഡിന്റെ – 19 ന്റെ പശ്ചാത്തലത്തില്‍ ജോലിയില്ലാതായതോടെ ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒറീസ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് യാത്ര തടസ്സപ്പെട്ടത്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ് ഓട്ടോ തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമെത്തിച്ച് നല്‍കി.

ഇവരുടെ കണ്ണീര്‍ കൈരളി ന്യൂസ് പുറത്തെത്തിച്ചതോടെ അധികൃതരുടെ അടിയന്തിര ഇടപെടലുണ്ടായി. മന്ത്രി ടി പി രാമകൃഷ്ണന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് കഞ്ചിക്കോട് ടഗങ ഓഡിറ്റോറിയത്തില്‍ ഇവര്‍ക്കായി താത്ക്കാലിക താമസ സൗകര്യവും ഭക്ഷണവുമൊരുക്കി. രണ്ട് ദിവസമായി കുടുങ്ങിക്കിടന്ന 100 ഓളം പേരെ രണ്ട് കെഎസ് ആര്‍ ടി സി ബസ്സുകളില്‍ താത്കാലിക ക്യാമ്പിലേക്ക് മാറ്റി.

ഇനി ദുരിതമനുഭവിച്ച് തെരുവില്‍ അലയേണ്ട. സര്‍ക്കാരിന്റെ കരുതലില്‍ അതിഥി തൊഴിലാളികള്‍ക്ക് കഴിയാം. ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ സൗകര്യമൊരുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News