കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി

കോവിഡ് – 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണമായി ലോക്ഡൗണ്‍ ആയി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരള റീജ്യണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. കൊറോണ വൈറസിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ പോരാട്ടത്തിന് ഐ.എന്‍.എസ്. പൂര്‍ണ്ണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി കേരള റീജ്യണല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

പൂര്‍ണ്ണമായും യന്ത്രവല്‍കൃതമാര്‍ഗ്ഗത്തിലൂടെയാണ് ദിനപത്രങ്ങള്‍ ഇന്ന് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും പത്രവിതരണത്തിനെത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കി പൂര്‍ണ്ണ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്ന് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നത്. ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഐ.എന്‍.എസ്. അഭ്യര്‍ത്ഥിച്ചു.

മിക്ക പത്രസ്ഥാപനങ്ങളും കോവിഡ് -19 ചെറുക്കുന്നതിനായി പല നടപടികളും ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക, അവശ്യം വേണ്ടവര്‍ മാത്രം ജോലിക്കുവരിക എന്നിവ ഇതില്‍പ്പെടുന്നു. തുടര്‍ന്നും കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരള റീജ്യണല്‍ കമ്മിറ്റി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here