കൊറോണ രാജ്യത്തെ ജയില്‍ അന്തേവാസികള്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജയിൽ അന്തേവാസികൾക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം.

ജാമ്യവും പരോളും അനുവദിക്കുന്നതിൽ തീരുമാനമെടുക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ കോടതി ഉത്തരവ്. തിഹാർ ജയിലിലെ 3000 അന്തേവാസികളെ പരോളും ജാമ്യവും നൽകി വരും ദിവസങ്ങളിൽ പുറത്ത് വിടും

രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ജയിൽ അന്തേവാസികൾ സുരക്ഷിതരാണോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു.

ഈ കേസിലാണ് നിർണായക ഉത്തരവ്. ജയിലിൽ കഴിയുന്നവർക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കാമെന്നാണ് സംസ്ഥാന സർക്കാരുകൾക്ക് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിർദേശം നൽകിയത്.

ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ചെറു കുറ്റകൃത്യങ്ങളുടെ പേരിൽ വിചാരണ നേരിടുന്നവർ, ചുരുങ്ങിയ വർഷത്തേക്ക് തടവ് ലഭിച്ച പ്രതികൾ എന്നിവരെയാണ് ജാമ്യമോ പരോളോ നൽകാൻ പരിഗണിക്കേണ്ടത്.

ആരെ വിട്ടയക്കണമെന്ന് തീരുമാനിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം നൽകി.

സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാന നിയമ സെക്രട്ടറി , ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ, പ്രിസൻസ് ഡി ജിമാർ എന്നിവരടങ്ങിയതാകണം സമിതി. കൊറോണ വ്യാപനം വിലയിരുത്തി ഈ ഇളവ് നീട്ടണമോയെന്നതിൽ സമിതിക്ക് തീരുമാനമെടുക്കാം.

ആൾക്കൂട്ടം ഒഴിവാക്കാൻ ജാമ്യവും പരോളും അനുവദിക്കുമെന്ന് ദില്ലി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം കൂടുതൽ കൊറോണ ടെസ്റ്റിംഗ് സംവിധാനം, ക്വാറന്റീൻ സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിൽ സുപ്രീംകോടതി നോട്ടിസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News