
തിരുവനന്തപുരം: പ്രതിസന്ധികാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സര്‍ക്കാര്‍ പാലിക്കുകയാണ്.
2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഈ മാസം 27 ാം തീയതി മുതല്‍ വിതരണം ആരംഭിക്കും. ഇതിനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പെന്‍ഷനായി 1069 കോടിരൂപയും വെല്‍ഫെയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റെര്‍ ചെയ്ത എല്ലാപേര്‍ക്കും ഈ പെന്‍ഷന്‍ ലഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
കേന്ദ്രം തരാനുള്ള 3000 കോടി രൂപയുടെ ജിഎസ്ടി കുടിശിക ഈ അടിയന്തര ഘട്ടത്തില്‍ തരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചതാണ്. എന്നാല്‍ കേന്ദ്രം ആ പണം തന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമുക്കു താങ്ങായത് സഹകരണ മേഖലയാണ്.
സമ്പദ് വ്യവസ്ഥ മുഴുവന്‍ ലോക്ക് ഔട്ട് ആയി സാധാരണ ജനങ്ങള്‍ മുഴുവന്‍ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അടിയന്തര സാഹചര്യം നേരിടാന്‍ കേന്ദ്രം മടിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുത്തത്.
കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനവും രാജ്യത്ത് നിരാശയാണ് പടര്‍ത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും അതിലില്ല.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനങ്ങള്‍. നികുതി വരവ് വന്‍തോതില്‍ ഇടിയുന്ന സാഹചര്യത്തിലും ഇതുപോലുള്ള സാമാശ്വാസ ഇടപെടലുകള്‍ക്ക് കേരള സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നില്ല. വീട്ടിലുള്ളില്‍ ലോക്ക് ഡൌണ്‍ ചെയ്യപ്പെട്ട സാധാരണ മനുഷ്യരുടെ കൈവശം പണം എത്തിയേ തീരൂ.
കൂലിപ്പണിക്കാരുടെയും ദിവസവേതനക്കാരുടെയും കുടുംബങ്ങളില്‍ അത്യാവശ്യത്തിന് ഭക്ഷണമെങ്കിലും വാങ്ങാനുള്ള പണം ലഭിച്ചിരിക്കുമെന്ന് ഈ സര്‍ക്കാര്‍ ഉറപ്പു വരുത്തും.
ബാക്കിയുള്ള പെന്‍ഷന്‍ തുകയും കുടിശികയില്ലാതെ വിഷുവിനു മുമ്പ് വിതരണം ചെയ്യും. കൂടാതെ പിന്നീട് മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയും അതോടൊപ്പം വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here