സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ: ലോക്ക് ഡൗണ്‍ ഗൗരവം പലരും മനസിലാക്കിയില്ല; അവശ്യ സര്‍വീസുകള്‍ക്ക് പാസ്, പൂഴ്ത്തിവയ്പ്പ് അനുവദിക്കില്ല; സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗ ബാധിതരില്‍ ആറു പേര്‍ കാസര്‍ഗോഡ് ജില്ലക്കാരാണ്. 2 പേര്‍ കോഴിക്കോട് സ്വദേശികള്‍. 8 പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഖത്തറില്‍നിന്നും യുകെയില്‍നിന്നും എത്തിയ ഓരോ ആള്‍ക്കാരിലും രോഗം കണ്ടെത്തി. 72,460 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മാത്രം 106 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 105. 72,460 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 4,516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലാണ് വേണ്ടത്. എന്നാല്‍ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ തന്നെ ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ട്.

എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്‌സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ ഒരു മുതിര്‍ന്ന ആള്‍ക്കു മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചില്‍ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്.

സംസ്ഥാനത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കണം. ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ 11 മണി മുതല്‍ അഞ്ചു വരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടകളില്‍ സുരക്ഷ ക്രമീകരണം ഒരുക്കണം. ആളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ നേരത്തേ തീരുമാനിച്ചപോലെ തന്നെ തുടരും. എല്ലാവര്‍ക്കും ഇതു ബാധകമാണെന്ന് ഓര്‍ക്കണം. സ്വകാര്യ വാഹനങ്ങളില്‍ ആള്‍ക്കാര്‍ പുറത്തിറങ്ങുന്നൊരു പ്രവണത ഇന്നു കണ്ടിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തുപോകാനാണ് അനുമതിയുള്ളത്. ഇത് ഒരു അവസരമായി എടുക്കരുത്. യാത്രക്കാരില്‍നിന്നു സത്യവാങ്മൂലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂരിപ്പിച്ച പ്രത്യേക ഫോം കൈവശം വയ്ക്കണം. ഇതില്‍ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ പാടില്ല. എവിടെയ്ക്ക് പോകുന്നു, എന്തിന് പോകുന്നു, എപ്പോള്‍ മടങ്ങി വരും, ആരൊക്കെ യാത്ര ചെയ്യുന്നു… ഇത്രയും വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്.

നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്. അവശ്യസാധനങ്ങള്‍ വില കൂട്ടി വില്‍ക്കാനോ പൂഴ്ത്തി വയ്ക്കാനോ ശ്രമിക്കരുത്. അങ്ങനെയുണ്ടായാല്‍ ഒരു ദാക്ഷണ്യവുമില്ലാത്ത നടപടിയുണ്ടാകുമെന്നും പരിശോധനകള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കൃത്യമായ പ്രൊട്ടോക്കോള്‍ പാലിക്കണം. ഒരാള്‍ മാത്രമേ രോഗിയെ സഹായിക്കാവൂ. അതിനു സൗകര്യമൊരുക്കാന്‍ പറ്റാത്ത വീടുകളില്‍ നിന്നും രോഗ ലക്ഷണമുള്ളയാളെ സര്‍ക്കാരിന്റെ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും.

ദിവസ വേതനക്കാരെ പ്രത്യേകമായി സഹായിക്കും. പ്രായമായവര്‍ താമസിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കും. വാര്‍ഡ് തലത്തില്‍ എല്ലാ സഹായവും അവര്‍ക്ക് എത്തിച്ച് നല്‍കും.

വഴിയോരത്ത് താമസിക്കുന്നവരെ ഒരു കേന്ദ്രത്തിലാക്കും. തദ്ദേശസ്ഥാപനങ്ങള്‍ കണക്കടുത്ത് ഇത് സജ്ജമാക്കും. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതൊരു മഹാമാരിയാണ്. ഇതിനെ ചെറുക്കാന്‍ പരിശ്രമിക്കുന്നവരെ കുറിച്ച് നാം ഒരിക്കലെങ്കിലും ചിന്തിക്കണം. പരിചരിക്കുന്ന ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ എന്നിവരുടെ കഠിനാധ്വാനം നാം ഓര്‍ക്കണം. നമ്മുടെ ചെറിയ അശ്രദ്ധ അവര്‍ക്കേല്‍ക്കുന്ന വലിയ ആഘാതമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവജനസംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനം മാതൃകപരമാണ്. ഈ ഘട്ടം പരുക്കില്ലാതെ കടന്നു പോകാനാണ് നാം ശ്രമിക്കുന്നത്. എല്ലാ യുവജനങ്ങളും ഒറ്റക്കെട്ടായി ഇതിന് വേണ്ടി രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതരസംസ്ഥാനങ്ങളിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്നും ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News