ന്യൂയോര്‍ക്ക് നഗരത്തെ പിടിച്ചുകുലുക്കി കൊറോണ; ജോസ് കാടാപുറം എഴുതുന്നു

ന്യൂ യോര്‍ക്ക് സ്റ്റേറ്റിലാണു ലോകത്തിലെ കൊറോണ രോഗികളില്‍ 6 ശതമാനം. 20,000-ല്‍ പരം. അതില്‍ 13,000 ന്യു യോര്‍ക്ക് സിറ്റിയിലാണ്. സിറ്റിയില്‍ മാത്രം 125 പേര്‍ മരിച്ചു. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും ഇതില്‍ പെടുന്നു. സ്റ്റേറ്റിലൊട്ടാകെ 187 പേര്‍.

ജനസാന്ദ്രത കൂടുതലുള്ളതിനാല്‍ ന്യു യോര്‍ക്ക് നഗരത്തില്‍ രോഗികളുടേ എണ്ണം ഇനിയും കൂടുമെന്നു വിദഗ്ദര്‍ പറയുന്നു. ഒരാഴ്ചക്കുള്ളില്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നു ചില വിദഗ്ദര്‍ കണക്കു കൂട്ടുന്നു. എന്നാല്‍ രോഗബാധ 8-9 മാസം വരെ തടയാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അമേരിക്കയില്‍ ആകമാനം 46,145 പോസിറ്റീവ് കൊറോണ കേസ്സ് ഉണ്ട്. ഇവിടെ മരിച്ചവര്‍ 582.

ലോകമെങ്ങുമായി 381,293 (കോവിഡ് 19 പോസിറ്റീവ് ആയി)പേര്‍ക്കാണ് ഇപ്പോള്‍ രോഗബാധ എന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. 16,572 ഇതിനോടകം മരിച്ചു 150 കോടി ജനങ്ങളാണു രോഗം പേടിച്ച് വീടുകളില്‍ കഴിയുന്നത്.

രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം 67 ദിവസം കൊണ്ടാണു രോഗികളുടെ എണ്ണം ഒരു ലക്ഷമായത്. 11 ദിവസം കൊണ്ട് വീണ്ടും ഒരു ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. മൂന്നാമത്തെ ലക്ഷം പേര്‍ക്ക് രോഗം വരാന്‍ നാലു ദിവമേ എടുത്തുള്ളു-ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗബ്രെയുസുസ് പറഞ്ഞു.

ന്യു യോര്‍ക്കില്‍ പാര്‍ക്കുകള്‍ ഉപയോഗിക്കാമെങ്കിലും ആളുകള്‍ തമ്മില്‍ കുറഞ്ഞത് ആറ് അടിയെങ്കിലുംദൂരം കാക്കണമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. ന്യു യോര്‍ക്ക് സിറ്റിയിലെ പ്രമുഖ കണ്വന്‍ഷന്‍ സെന്റര്‍ ജേക്കബ് ജാവിറ്റ്സ് സെന്റര്‍ 250 ബെഡ്ഡുള്ള് ആശുപത്രിയാക്കാന്‍ ഗവര്‍ണര്‍ ആന്‍ഡ്രു കുവോമോ ഉത്തരവിട്ടു.

ലോംഗ് ഐലന്‍ഡില്‍ രണ്ടും വെസ്റ്റ് ചെസ്റ്ററില്‍ ഒന്നും വീതം താല്ക്കാലിക ഹോസ്പിറ്റലുകള്‍ തുടങ്ങും. ഇവയില്‍ എല്ലാം കൂടി 1000 ബെഡുകളുണ്ടാവും. അതിനു പുറമെ സ്റ്റേറ്റിലെ ആശുപത്രികളില്‍ ബെഡ്ഡുകളുടെ എണ്ണം പകുതി കണ്ട് കൂട്ടാന്‍ ഗവര്‍ണര്‍ ആശുപത്രികളോട് ആവശ്യപ്പെട്ടു.

ഇതിനിടയില്‍ രോഗം ബാധിച്ച ന്യൂയോര്‍ക്കിലെ കാര്‍ഡിയോളോജിസ്‌റ് അനുഭവം പങ്കിടുന്നു. വാതം, സന്ധിവേദന (റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ്) എന്നിവക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ് എന്ന മരുന്ന് കുത്തി വച്ചതോടെ തന്റെ കോവിഡ്-19രോഗബാധക്കു വലിയ ആശ്വാസം ലഭിച്ചതായി ന്യു യോര്‍ക്കില്‍ കോവിഡ് ബാധിച്ച ഇന്ത്യന്‍ ഡോക്ടര്‍ ജിഗ്‌നേഷ് പട്ടേല്‍.

പ്രസിഡന്റ് ട്രമ്പ് പത്ര സമ്മേളനത്തില്‍ അവകാശപ്പെട്ട പോലെ ഹൈഡ്രൊക്സിക്ലോറോക്വിന്‍, അസിത്രോമൈസിന്‍ എന്നിവയുടെ മിശ്രിതം കഴിച്ചിട്ടും രോഗം കൂടിയതല്ലാതെ കുറഞ്ഞില്ലെന്നു കാര്‍ഡിയോളജിസ്റ്റായ ഡോ. പട്ടേല്‍ ട്വീറ്റ് ചെയ്തു. ഒരു വാചകം സംസാരിക്കാന്‍ പോലും പറ്റില്ലായിരുന്നു. എന്നാല്‍ ഈ മരുന്നു ഉപയോഗിച്ച ശേഷം വലിയ മാറ്റം വന്നു.


പനി, ചുമ, ശ്വാസതടസം തുടങ്ങിവയായിരുന്നു അസുഖ ലക്ഷണങ്ങള്‍ രണ്ട് ദിവസം കൊണ്ട് പനി പോയി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാരജ് ചെയ്തു. എന്നാല്‍ ചുമ ഉള്ളതിനാല്‍ സംസാരിക്കാന്‍ ഇപ്പോഴും വിഷമം. 11 ദിവസം മുന്‍പാണു ഡോക്ടര്‍ക്ക് രോഗം ബാധിച്ചത്. ഇതേത്തുടര്‍ന്ന് ഈ മരുന്നു കൂടുതല്‍ പരീക്ഷണ വിധേയമാക്കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News