കൊറോണ പരിശോധനയില്‍ ഇന്ത്യ വളരെ പിന്നില്‍; പരിശോധനകളിലധികവും കേരളത്തില്‍

ലോകവും രാജ്യവും കോവിഡ് ഭീതിയില്‍ തുടരവെ രോഗബാധിതരെ കണ്ടെത്താന്‍ ഇന്ത്യയില്‍ നടക്കുന്ന പരിശോധനകള്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

രോഗം ഏറെ പടര്‍ന്നുപിടിച്ച ഇറ്റലിയിലെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അനുഭവം ആവശ്യാനുസരണം പരിശോധനകള്‍ നടത്തിയില്ല എന്നതായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴും, കോവിഡ് പരിശോധനകള്‍ വളരെ ശുഷ്‌കമാണെന്ന് കണക്കുകള്‍ പറയുന്നു.

‘പരിശോധിക്കു പരിശോധിക്കു പരിശോധിച്ചുകൊണ്ടേ ഇരിക്കൂ …’ ലോകാരോഗ്യ സംഘടന ലോകത്തോട് പറയുന്നതിങ്ങനെയാണ്. എന്നാല്‍, ലോകത്ത് രണ്ടാമത് ഏറ്റവുമധികം ജനസംഖ്യയുള്ള ഇന്ത്യയില്‍, അപകടം വളരെ പെട്ടെന്ന് പടര്‍ന്നുകയറാന്‍ സാധ്യതയുണ്ടായിട്ടും പരിശോധനകള്‍ കാര്യമായി ഉണ്ടാകാത്തത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേയ്ക്കാണ് ഇന്ത്യയെ കൊണ്ടുപോകുന്നത്.

24 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 20,864 സാമ്പിളുകളാണ് ഇന്ത്യയില്‍ പരിശോധിച്ചിട്ടുള്ളത്. ഇതില്‍ 482 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്‌. ഏറ്റവുമധികം ടെസ്റ്റുകള്‍ കേരളത്തില്‍ നടക്കുമ്പോള്‍ ഏറ്റവും കുറവ് നടക്കുന്നത് ബംഗാളിലാണ്(മാര്‍ച്ച് 23 വരെയുള്ള കണക്ക്).

ഇന്ത്യയില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്(36 ശതമാനം). എന്നാല്‍ കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന സാമ്പിള്‍ പരിശോധനകള്‍ വളരെ കുറവാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ജില്ലകളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവുമധികം കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പുനെയിലാണ്( 26 പേര്‍)

കേരളത്തില്‍ 4,035 ടെസ്റ്റുകള്‍ നടക്കുമ്പോള്‍( ഒരു ലക്ഷം പേരില്‍ 11.38 പേര്‍ക്ക് എന്ന തോതില്‍ )മഹാരാഷ്ട്രയില്‍ 1,666 ടെസ്റ്റ് (ഒരു ലക്ഷം പേരില്‍ 1.37 പേര്‍ക്ക് എന്ന തോതില്‍) ആണ് ആകെ നടന്നത്‌ (മാര്‍ച്ച് 22 വരെയുള്ള കണക്ക്)

‘ കൊറോണ ടെസ്റ്റ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍, ഒരുപക്ഷേ നിങ്ങള്‍ തെറ്റായ രാജ്യത്തായിരിക്കാം ‘ എന്ന് ന്യൂയോര്‍ക്ക് ടൈംസും ഓര്‍മപ്പെടുത്തുന്നു്.

കൊറിയയില്‍ ടെസ്റ്റുകള്‍ നടത്തി കൊറോണ വ്യാപനം തടഞ്ഞപ്പോള്‍ ഇറ്റലി ആലംഭാവം കാണിച്ചതിനുള്ള വിലയൊടുക്കുകയാണിപ്പോള്‍. വൈകിയാണെങ്കിലും ഇറ്റലി ഇതുവരെ രണ്ട് ലക്ഷത്തോളം (2,06,886) ടെസ്റ്റ് നടത്തി .

നോര്‍ത്തേണ്‍ ഇറ്റലിയിലെ ‘ വൊ ‘എന്ന 3000 പേര്‍മാത്രമുള്ള ദ്വീപില്‍ ഒരു പരീക്ഷണം നടത്തി. അവിടെയുള്ള എല്ലാവരെയും ആരോഗ്യവകുപ്പ് പരിശോധിക്കുകയായിരുന്നു. രോഗമുള്ള 90 പേരെ ഐസൊലേറ്റ് ചെയ്തു. വീണ്ടും 10 ദിവസം കഴിഞ്ഞ് എല്ലാവരെയും ടെസ്റ്റ് നടത്തി. അതില്‍ 10പേര്‍ പോസിറ്റീവ് . വീണ്ടും എല്ലാവരെയും ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍പോലും കോറോണ പോസിറ്റീവ് അല്ല .അതായത് പരമാവധി ടെസ്റ്റ് നടത്തുക എന്നത് മാത്രമാണു മുന്നിലുള്ള മാര്‍ഗ്ഗം.

വിദേശ മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും പോലും ഇന്ത്യയില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ദ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) പറയുന്നത് കൊറോണയുടെ ലക്ഷണം കാണുന്നവരെ മാത്രം ടെസ്റ്റ് ചെയ്താല്‍ മതി എന്നാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 87 ജില്ലകളില്‍ ഒരാള്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
31 ഓളം ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടുള്ള ലോകത്ത് മിക്കവാറും രാജ്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരുള്ള , നിരന്തരമായ് ആളുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍, വെറും ഇരുപതിനായിരം ടെസ്റ്റുകളാണ് ആകെ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News