ലോകത്ത് കൊറോണ മരണം 18,000 കടന്നു; ഇന്ത്യയില്‍ 12 മരണം, രാജ്യത്ത് ലോക്ക് ഡൗണ്‍

ലോകത്തെ ഭീതിയിലാക്കി കൊറോണ രോഗബാധ മൂലമുള്ള മരണം വര്‍ധിക്കുകയാണ്. 18,810 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

കൊറോണ വ്യാപനം തടയുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. അര്‍ധരാത്രി 12 മണിയോടെയാണ് നിയന്ത്രണം നിലവില്‍ വന്നത്. 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം അടച്ചിട്ടുകൊണ്ടുള്ള കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ദില്ലിയിലും തമിഴ്നാട്ടിലുമാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിലെ മധുര രാജാജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 54 കാരനാണ് മരിച്ചത്. പ്രമേഹരോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 520 ആയി ഉയര്‍ന്നു.

ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍ മാത്രം 24 മണിക്കൂറില്‍ മരിച്ചത് 743 പേരാണ്. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

അതേസമയം, യൂറോപ്പിലും അമേരിക്കയിലും കൊവിഡ് പ്രതിസന്ധിയിലാണ്. ഇറ്റലിയില്‍ മരണം ആറായിരം കടന്നു. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തില്‍ കൂടുതലുള്ളത്.

സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 105 ആയി വര്‍ധിച്ചു. ഇന്നലെ പുതുതായി 14 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് ആറുപേര്‍ക്കും, കോഴിക്കോട് -3, മലപ്പുറം-1, പാലക്കാട്-1, കോട്ടയം-1, എറണാകുളം-1, ആലപ്പുഴ-1 എന്നിങ്ങനെയാണ് രോഗബാധിതര്‍. രോഗം ബാധിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 72,460 പേര്‍ നിരീക്ഷണത്തിലാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News