തേനി രാസിംഗാപുരത്തുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഒരു വയസ്സുകാരിയുള്‍പ്പടെ രണ്ട്‌പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി വിജയമണി(45), തിരുമൂര്‍ത്തിയുടെ മകള്‍ കൃതിക(ഒന്ന്) എന്നിവര്‍ സംഭവസ്ഥലത്ത് മരിച്ചു.
സംഘത്തിലെ മഹേശ്വരി ശിവകുമാര്‍(25), മഞ്ജുള വെങ്കിടേഷ്(28), ലോഗേശ്വരന്‍(20) എന്നിവര്‍ക്ക് സാരമായ പൊള്ളലേറ്റു. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകല്‍ മൂന്നരയോടെയാണ് സംഭവം.
കോവിഡിനെ തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തി പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനാല്‍ പൂപ്പാറ പേത്തൊട്ടിയിലെ സ്വകാര്യതോട്ടം തൊഴിലാളികളായ ഒമ്പതംഗസംഘം കാട്ടുപാതയിലൂടെയാണ് സ്വദേശമായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് പോയത്.
ജണ്ടാര്‍നിരപ്പുവഴി -ഒണ്ടിവീരന്‍ ക്ഷേത്രപാതയിലൂടെ തമിഴ്നാട്ടിലേക്ക് പോകുംവഴി ശക്തമായ കാറ്റില്‍ പടര്‍ന്ന കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു.
സംഘത്തിലൊപ്പമുണ്ടായിരുന്ന വജ്രമണി(25), കല്‍പ്പന(45), ഒണ്ടിവീരന്‍(28), ജയശ്രീ(23) എന്നിവര്‍ക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടാനായി. ഇവരെ ഫയര്‍ഫോഴ്സും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.