ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റിവച്ചു

ടോക്യോ: 124 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റിവച്ചു. മുമ്പ് പലതവണ റദ്ദാക്കിയിട്ടുണ്ടെങ്കിലും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. കോവിഡ്-19 പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍ ഐഒസിക്കും ടോക്യോ ഒളിമ്പിക്സ് സംഘാടകസമിതിക്കും മറ്റ് വഴിയുണ്ടായില്ല. കഴിഞ്ഞയാഴ്ചവരെ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുമെന്നായിരുന്നു ഐഒസിയും ജപ്പാനും പ്രതികരിച്ചിരുന്നത്.

എന്നാല്‍, കായികതാരങ്ങളുടെ ജീവന്‍ അപകടത്തിലാക്കി മേള നടത്തുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി. കനഡയും ഓസ്ട്രേലിയയും പിന്മാറുമെന്ന് അറിയിച്ചു. അമേരിക്കയും ബ്രിട്ടനുംകൂടി രംഗത്തെത്തിയതോടെ ഐഒസി ഉടന്‍ തീരുമാനത്തിലെത്തുകയായിരുന്നു.

നാലാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു രണ്ടുദിവസംമുമ്പ് ഐഒസി തലവന്‍ തോമസ് ബാക്ക് പ്രതികരിച്ചത്. പിന്നാലെ ഒളിമ്പിക്സ് നീട്ടിവയ്ക്കാനുള്ള സാധ്യതകള്‍ തേടി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ബാക്കുമായി ചര്‍ച്ച നടത്തി. തുടര്‍ന്നായിരുന്നു മാറ്റിവയ്ക്കാന്‍ ധാരണയായത്.

2021ലേക്ക് മേള മാറ്റുന്നതായി ടോക്യോ 2020 സംഘാടകസമിതിയും ഐഒസിയും സംയുക്തമായി പ്രസ്താവന ഇറക്കി. പാരാലിമ്പിക്സും 2021ലേക്ക് മാറ്റി. അടുത്ത വര്‍ഷത്തേക്ക് നീട്ടിയെങ്കിലും ടോക്യോ 2020 എന്ന പേരില്‍ തന്നെയാകും ഈ മേള അറിയപ്പെടുക.

കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഐഒസിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1916, 1940, 1944 വര്‍ഷങ്ങളില്‍ ഒളിമ്പിക്സ് റദ്ദാക്കിയിരുന്നു. ലോക മഹായുദ്ധങ്ങളെ തുടര്‍ന്നായിരുന്നു റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News