കൊറോണയില്‍ വിറങ്ങലിച്ച് രാജ്യം; മോദിയുടെ വിലക്ക് ലംഘിച്ച് യോഗി

ദില്ലി: പ്രധാനമന്ത്രിയുടെ വിലക്ക് ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

എല്ലാവരും വീടുകളിലിരിക്കണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ് കണക്കിന് പേരുമായി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി പൂജ നടത്തി.

കോറോണയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് എല്ലാ വിലക്കുകളും ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഘോഷപരിപാടി നടത്തിയത്.

21 ദിവസത്തെ ലോക്ക് ഡൗണ്‍ മോദി പ്രഖ്യാപിച്ച് പത്ത് മണിക്കൂര്‍ കഴിയുന്നതിന് മുമ്പേ അയോധ്യയിലെത്തിയ യോഗി ആദിത്യനാഥ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമവിഗ്രഹ പൂജ നടത്തി.

നിലവിലെ സ്ഥലത്ത് നിന്നും രാമന്റെ വിഗ്രഹം അയോധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്ത് സ്ഥാപിച്ച് താത്കാലിക ഷെഡിലേയ്ക്ക് മാറ്റി.

അയോധ്യ ജില്ലാ കളക്ടര്‍, പോലീസ് മേധാവി, മറ്റ് മുതിര്‍ന്ന് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. യോഗിയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ബിജെപി കേന്ദ്ര നേതൃത്വം സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. യുപിയില്‍ കോറോണ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 35 പേരാണ് കോറോണയില്‍ ചികിത്സയിലുള്ളത്. ഇതിനിടയിലാണ് മുഖ്യമന്ത്രി തന്നെ വിലക്ക് ലംഘിച്ച് ആള്‍കൂട്ടത്തിന് രൂപം നല്‍കിയത്. ചടങ്ങില്‍ പങ്കെടുത്ത പലരും മാസ്‌കോ സാനിറ്റൈസറോ ഉപയോഗിച്ചില്ലെന്നും ആരോപണമുണ്ട്.

അതേസമയം, ദില്ലിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര മന്ത്രിസഭയോഗത്തില്‍ സാമൂഹിക അകലം പാലിച്ച് മന്ത്രിമാര്‍ അകന്നിരിക്കുന്ന ദൃശ്യം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രി കേജരിവാളിന്റെ നേതൃത്വത്തില്‍ ദില്ലി മന്ത്രിസഭയോഗം ചേര്‍ന്ന് ദില്ലിയിലെ നിയന്ത്രണങ്ങള്‍ വിലയിരുത്തി. റോഡില്‍ വാഹനങ്ങള്‍ പരിശോധിച്ചാണ് കടത്തി വിടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പൊതുവിതരണ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ഉപഭോക്താക്കളെ ഇടവിട്ട് നിറുത്തിയാണ് അകത്തേയ്ക്ക് കയറ്റി വിടുന്നത്.

ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ അണുനാശിനി ഉപയോഗിച്ച് ഇടയ്ക്ക് ഇടയ്ക്ക് വൃത്തിയാക്കുന്നുണ്ട്. രാഷ്ട്രപതി ഭവന്‍, സൗത്ത് ബ്ലോക്ക്, നോര്‍ത്ത് ബ്ലോക്ക്, ഇന്ത്യ ഗേറ്റ് തുടങ്ങി എല്ലാ പ്രദേശങ്ങളും നിശ്ചലമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News