കൊറോണ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ചു; പള്ളി ഉസ്താദ് അറസ്റ്റില്‍

കാസര്‍ഗോഡ്: കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റില്‍.

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കാസര്‍ഗോഡ് ഗോളിയടുക്ക പള്ളി ഉസ്താദ് കെ എസ് മുഹമ്മദ് അഷ്‌റഫിനെ ബദിയടുക്ക പൊലീസാണ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട്ടെ മൂന്നാമത്തെ കോവിഡ് പോസറ്റീവ് രോഗി ഏരിയാല്‍ സ്വദേശിക്ക് രോഗം ഇല്ലെന്നും പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മുഹമ്മദ് അഷ്‌റഫ് വാട്ട്‌സപ്പ് ശബ്ദ സന്ദേശത്തില്‍ പ്രചരിപ്പിച്ചിരുന്നു.

ഫലം നെഗറ്റീവ് അല്ലെന്ന് ജില്ലാ കലക്ടറും ഡിഎംഒയും വ്യക്തമാക്കി. തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്ന് ജില്ലയില്‍ സങ്കീര്‍ണ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതല്‍ ആളുകളില്‍ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയില്‍ ആശങ്ക ഉണ്ടാക്കുന്നത്.

ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോള്‍ അറിയാമെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

എരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ജില്ലയില്‍ ഒരാളുടെയും സന്നദ്ധ പ്രവര്‍ത്തനം ഇപ്പോള്‍ ആവശ്യമില്ല. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവില്‍ ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ജില്ലയില്‍ കൊവിഡ് സ്രവ പരിശോധനയ്ക്ക് കളക്ടര്‍ സജിത് ബാബു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ പിഎച്ച്സികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളുടെ സ്രവങ്ങള്‍ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പി.എച്ച്.സികളുടെ പരിധിയിലുള്ളവര്‍ അതാത് പിഎച്ച്‌സികളെ മാത്രം ആശ്രയിക്കണം.

നഗരസഭാ പരിധിയിലുള്ളവര്‍ മാത്രം ജില്ലാ ആശുപത്രിയെയും ജനറല്‍ ആശുപത്രികളെയും ആശ്രയിക്കണം. ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News