സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊറോണ; പകര്‍ച്ചവ്യാധി തടയാന്‍ ഓര്‍ഡിനന്‍സ്; ജാഗ്രത തുടരണം; നാം അപകടമേഖലയില്‍, കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണം: എല്ലാവരും വീട്ടില്‍ തുടരണം, കേരളത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല റിസോര്‍ട്ടില്‍ നിന്നും വന്ന ഇറ്റാലിയന്‍ സ്വദേശിയേയും തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയേയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരും വീട്ടിലെ നിരീക്ഷണത്തില്‍ തുടരുന്നതാണ്.

ഇറ്റാലിയന്‍ സ്വദേശിയെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്നും വന്ന 3 പേരെ ആദ്യഘട്ടത്തിലും കണ്ണൂര്‍ സ്വദേശിയെ കഴിഞ്ഞ ദിവസവും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ഇതുകൂടാതെ ഇന്ന് 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയില്‍ നിന്നും വന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുടുംബത്തിന്റേയും അവിടെത്തന്നെ ചികിത്സയിലുള്ള മറ്റ് രണ്ട് വിദേശികളുടേയും ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശിയുടേയും പരിശോധനാ ഫലവുമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല.

195 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 76,542 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 4902 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3465 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.


ജാഗ്രത തുടരണം; നാം അപകടമേഖലയില്‍, കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണം

ഇന്നലെ സംസാരിച്ചതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യം ലോക്ക് ഡൗണ്‍ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതല്‍ ഗൗരവതരമാകുന്നു. സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം, സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡം കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചന്‍ ഉണ്ടാക്കണം. ഭക്ഷണം വേണ്ടവര്‍ക്ക് വിളിച്ചു പറയാന്‍ ഒരു ഫോണ് നമ്പര്‍ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പാക്കണം. മാറ്റിവയ്ക്കാവുന്ന എല്ലാ യാത്രകളും ജനങ്ങള്‍ മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. തിരിച്ചറിയല്‍ കാര്‍ഡ്, പാസ് എന്നിവയില്ലാതെ യാത്ര ചെയ്യരുത്. വീടുകളില്‍ കഴിയുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സന്നദ്ധപ്രവര്‍ത്തനത്തിന് രാഷ്ട്രീയ, സംഘടന നിറം അനുവദിക്കില്ല. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടാവരുത്. അവശരായവര്‍ പട്ടിണി കിടക്കാന്‍ പാടില്ല. ഇത്തരമാളുകളുടെ ഉത്തരവാദിത്വം തദ്ദേശം സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട കഴിയുന്ന ഒരു കുടുംബം പോലും പട്ടിണി കിടക്കരുത്. തെരുവില്‍ ജീവിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കൊയ്ത്ത് അവശ്യസര്‍വീസായി പ്രഖ്യാപിച്ചു. കൊയ്ത്ത് ഉറപ്പു വരുത്തണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെല്ല് സംഭരണത്തിന് പ്രാദേശിക സംവിധാനമുണ്ടാകണം. ഇതിന് പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുറത്തുള്ള മലയാളികള്‍ ഇപ്പോള്‍ എവിടെയാണോ, അവിടെ തന്നെ 21 ദിവസം കഴിയണം. വിലക്ക് ലംഘിച്ച് അതിര്‍ത്തി കടന്ന് എത്തുന്നവര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയണം. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്താം. പഞ്ചായത്ത്, ഹോര്‍ട്ടികോര്‍പ്പ്, വനംവകുപ്പ് എന്നിവയെ അവശ്യസര്‍വീസായി പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

നമ്മള്‍ അപകടമേഖലയിലാണ് ഇപ്പോള്‍. സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയിട്ടില്ല. മുന്‍കരുതലുകള്‍ എടുക്കണം. അതിനുള്ള ജാഗ്രതയാണ് വേണ്ടതെന്നും എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നാളെ മുതല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകില്ലെന്നും മറ്റൊരു മാര്‍ഗത്തിലൂടെ ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News