കൊറോണ: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് രാഗേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ചികിത്സാര്‍ത്ഥം പ്രത്യേക ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് കെ.കെ. രാഗേഷ്. എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.

കൊറോണ എന്ന മഹാമാരി ലോകത്താകെ അനേകമാളുകളുടെ ജീവന്‍ കവര്‍ന്നെടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ഈ രോഗം മൂലം ജന ജീവിതമാകെ സ്തംഭിച്ചിരിക്കുകയാണ്.

കൊറോണ വൈറസ് ബാധ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒട്ടേറെ പേര്‍ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ഒരു ഐ.സി യൂണിറ്റ് കൂടി പുതുതായി സ്ഥാപിക്കുന്നത്.

ഈ യൂണിറ്റിലേക്ക് നവീന വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, ഡിഫി ബ്രൈലേറ്റര്‍,, ഇ.സിജി. മെഷിന്‍, ക്രാഷ് കാര്‍ട്ട് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് കെ.കെ രാഗേഷ് എം.പിയുടെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചത്. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപിനേയും പ്രിന്‍സിപ്പാള്‍ ഡോ എന്‍ റോയിയേയും വിളിച്ച് രാഗേഷ് എം.പി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ പോസിറ്റീവായ ഒരു രോഗിയെ അസുഖം ഭേദമായി കഴിഞ്ഞദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വലിയതോതില്‍ കൊറോണ രോഗികള്‍ എത്തിയാലും അടിയന്തിര ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കുന്നതിനായി ഒരു ഐ.സി.യു കൂടി ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായാണ് അടിയന്തിര പ്രാധാന്യത്തോടെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ ആധുനിക ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here