കൊറോണ: ചൈനയെ മറികടന്ന് സ്‌പെയ്‌നും; മരണസംഖ്യ 3647 ആയി; അമേരിക്കയിലും ഗുരുതര സ്ഥിതിവിശേഷം; ഒറ്റ ദിവസംകൊണ്ട് രോഗം ബാധിച്ചത് പത്തായിരത്തില്‍ അധികംപേര്‍ക്ക്

കൊറോണ ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 656 പേര്‍കൂടി മരിച്ചതോടെ സ്പെയിനില്‍ മരണസംഖ്യ 3647 ആയി. അതേസമയം അമേരിക്കയില്‍ അതിഗുരുതരമായ സ്ഥിതിഗതികളാണ് വൈറസ് വ്യാപനം വഴി ഉണ്ടായിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്കാണ്. ഇന്നലെ 155 പേര്‍കൂടെ മരിച്ചതോടെ അമേരിക്കയില്‍ മരണസംഖ്യ 935 ആയി. രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ട ചൈനയില്‍ ആറുപേര്‍കൂടി മരിച്ചപ്പോള്‍ ആകെ മരണസംഖ്യ 3287 ആയി. മരണസംഖ്യ ചൈനയിലേതിന്റെ ഇരട്ടിയായ ഇറ്റലിയില്‍ 7503 പേര്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ മരണപ്പെട്ടത് 683 പേരാണ്

ലോകത്താകെ മരണം 21,000 കടന്നു

183 രാജ്യങ്ങളെ ബാധിച്ച മഹാമാരിയില്‍ ലോകത്താകെ മരണസംഖ്യ 21,000 കടന്നു. ഫ്രാന്‍സില്‍ 231 പേര്‍കൂടി മരിച്ചതോടെ നിലവില്‍ മരണസംഖ്യ 1331 ആണ്. ഫ്രാന്‍സില്‍ 25,233 പേര്‍ക്കാണ് നിലവില്‍ രോഗം ബാധ സ്ഥിരീകരിച്ചത്. മരണം ആയിരത്തോടടുക്കുന്ന അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്കും ഇറ്റലിക്കും തൊട്ടുപിന്നിലുണ്ട്. 65,797 രോഗികള്‍. ലോകത്താകെ രോഗബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു.

സ്പെയിനില്‍ അടച്ചുപൂട്ടല്‍ 12 ദിവസം പിന്നിട്ടു

സ്പെയിനില്‍ അഭൂതപൂര്‍വമായ അടച്ചുപൂട്ടല്‍ 12 ദിവസം പിന്നിട്ടു. 14ന് ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ ഏപ്രില്‍ 11 വരെ നീട്ടി. 49,515 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 5367 പേര്‍ രോഗമുക്തരായി. രോഗികളുടെ എണ്ണം തലേന്നത്തെക്കാള്‍ 20 ശതമാനവും മരണസംഖ്യ 27 ശതമാനവുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്.

രോഗബാധിതരില്‍ മൂന്നിലൊന്നും മരണത്തില്‍ 53 ശതമാനവും തലസ്ഥാനമായ മാഡ്രിഡിലാണ്. മരണസംഖ്യ പെരുകുന്നതിനാല്‍ പാലാസിയോ ദി ഹീലോ സ്‌കേറ്റിങ് റിങ്ക് താല്‍ക്കാലിക മോര്‍ച്ചറിയാക്കി.

രോഗബാധ ആദ്യം സ്ഥിരികരിച്ച ചൈനയില്‍ ആകെ രോഗബാധിതര്‍ 81285 ആയി കഴിഞ്ഞ ദിവസം 67 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ആറുപേര്‍കൂടെ മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 3287 ആയി. അതി ഗുരുതരമായ സ്ഥിതിവിശേഷം തുടരുന്ന ഇറ്റലിയില്‍ 5210 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ രോഗബാധിതര്‍ 74386 ആയി.

അതേസമയം 121 പേര്‍ക്കുകൂടെ രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 657 ആയി. രണ്ടുപേര്‍കൂടെ മരിച്ചതോടെ വൈറസ്ബാധയേറ്റ് രാജ്യത്ത് 12 പേര്‍ മരണപ്പെട്ടു.

43 പേര്‍ രാജ്യത്ത് രോഗ മുക്തരായി. 602 പേരാണ് നിലവില്‍ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. കേരളത്തില്‍ ഇന്നലെ 9 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 12 പേര്‍ വൈറസ് ബാധയില്‍ നിന്നും മുക്തരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here