സംസ്ഥാനത്ത് 87.14 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍; കിറ്റില്‍ ആയിരം രൂപയുടെ പലവ്യഞ്ജനം

കൊറോണ ദുരന്തപശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷനും പലവ്യഞ്ജനവും ലഭിക്കുക 87.14 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക്‌.

ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യമാകും സൗജന്യമായി നൽകുക. എഎവൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച്‌ കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ തുടരും.

മുൻഗണനാവിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട്‌ രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാൾക്ക്‌ അഞ്ച്‌ കിലോ നിരക്കിൽ സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കാർഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.

കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് തയ്യാറാക്കി നൽകും. ഇവർക്ക്‌ 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി നൽകും. ദുരന്തനിവാരണ സംഘത്തിലെ വിതരണസംവിധാനം വഴി ഹോം ഡെലിവറിയായാകും കിറ്റ്‌ നൽകുക.

പഞ്ചസാര, പയറുവർഗങ്ങൾ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങൾ അടങ്ങുന്നതാണ് കിറ്റ്. ഏപ്രിൽ, മെയ് മാസങ്ങളിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യവിഹിതം ഫുഡ്കോർപറേഷൻ ഗോഡൗണുകളിൽനിന്ന്‌ ശേഖരിച്ചുവരികയാണ്‌.

മൂന്ന് മാസത്തേക്കുള്ള വിഹിതം ലിസ്റ്റ് ചെയ്യുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് സംഭരിച്ച നെല്ല് അരിയാക്കി വിതരണത്തിന് സജ്ജമായി ഗോഡൗണുകളിൽ ലഭ്യമാണ്. 74000 മെട്രിക് ടൺ അധികധാന്യവിഹിതം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

റേഷൻകടകളിൽ ഒന്നര മാസത്തെ ധാന്യം സ്റ്റോക്ക് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റേഷൻകടകളിൽ വിതരണത്തിന് ബയോമെട്രിക് പഞ്ചിങ്‌ ഒഴിവാക്കി മാനുവൽ ഇടപാടുകൾവഴി വിതരണം നടത്താൻ തീരുമാനിച്ചു. ഇഷ്ടമുള്ള കടയിൽനിന്ന്‌ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവർക്ക് മാത്രം ഒറ്റത്തവണ പാസ്‌‌വേഡ് നിർബന്ധമാക്കിയിട്ടുണ്ട്.

തിരക്ക്‌ ഒഴിവാക്കാൻ ടോക്കൺ

സിവിൽ സപ്ലൈസ് കോർപറേഷൻ വിപണനശാലകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. ജീവനക്കാർക്കോ റേഷൻ ഡീലർമാർക്കോ വിതരണക്കാർക്കോ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിനും എല്ലാ റേഷൻകടകളിലും വിതരണക്കാർക്ക് കൈകഴുകുന്നതിനുള്ള സംവിധാനവും മുഖാവരണവും നിർബന്ധമാക്കിയിട്ടുണ്ട്. റേഷൻ കാർഡുകൾ ആധാർ കാർഡുകളുമായി ലിങ്ക്‌ ചെയ്യാനുള്ള സമയക്രമം സെപ്തംബർ 30 വരെ ദീർഘിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News