താങ്ങാകാൻ ത്രിവേണിയും; 30 കോടിയിലേറെ രൂപയുടെ അവശ്യ സാധനങ്ങൾ സംഭരിച്ചു

അവശ്യസാധനങ്ങൾ ജനങ്ങളിലെത്തിക്കാൻ കൺസ്യൂമർഫെഡിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടരുന്നു. എല്ലാ വിൽപ്പനശാലകളിലും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കി.

അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങളുടെ സംഭരണം ഇരട്ടിയാക്കി. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ്‌ ഫെഡറേഷന്റേതെന്ന്‌ ചെയർമാൻ എം മെഹബൂബ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു.

പ്രതിമാസം ശരാശരി 18 കോടി രൂപയുടെ ഭക്ഷ്യവസ്‌തുക്കളാണ്‌ ത്രിവേണി വിൽപ്പനശാലകൾ വഴി വിതരണം ചെയ്‌തിരുന്നത്‌.

പുതിയ സാഹചര്യത്തിൽ 30 കോടിയിലേറെ രൂപയുടെ അവശ്യസാധനങ്ങൾ സംഭരിച്ചു. ആവശ്യകത ഉയർന്നാലും കുറഞ്ഞത്‌ രണ്ടാഴ്‌ചയെങ്കിലും ഒരു തടസ്സവുമില്ലാതെ സാധനങ്ങൾ ലഭ്യമാക്കാനാകും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ സാധനങ്ങൾ കയറ്റിയ ലോറികൾ കേരളത്തിലേക്കുള്ള യാത്രയിലാണ്‌.

സംസ്ഥാനത്ത്‌ 182 ത്രിവേണി സൂപ്പർ മാർക്കറ്റും രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ തുറന്നുപ്രവർത്തിക്കും. തീരദേശ, മലയോര മേഖലയ്‌ക്ക്‌ ഊന്നൽ നൽകി 45 മൊബൈൽ ത്രിവേണിയും പ്രവർത്തിക്കുന്നുണ്ട്‌.

77 നീതി മെഡിക്കൽ സ്‌റ്റോറും പ്രവർത്തിക്കുന്നുണ്ട്‌.തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക്‌ വീടുകളിലേക്ക്‌ സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. തലസ്ഥാന ജില്ലയിൽ ഒട്ടെല്ലാ മേഖലയിലും സൗകര്യം ലഭ്യമാണ്‌.

കൊച്ചിയിൽ ഗാന്ധിനഗർ, പച്ചാളം, ചേരാനല്ലൂർ, ഏരൂർ, പള്ളുരുത്തി ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ഈ സൗകര്യമായി. കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കാനാണ്‌ ശ്രമം.

ടെലിഫോൺ വഴി ആവശ്യപ്പെടുന്നവർക്കാണ്‌ സാധനങ്ങൾ വീട്ടിലെത്തിക്കുക. സംസ്ഥാനത്ത്‌ വിവിധ സഹകരണ സംഘങ്ങളുടെ കീഴിൽ എണ്ണൂറിൽപ്പരം നീതി സഹകരണ സ്‌റ്റോറുകളും പ്രവർത്തിക്കുന്നു. ഇവയിൽ ആവശ്യപ്പെടുന്നവർക്കും ഫെഡറേഷൻ വഴി സാധനങ്ങൾ എത്തിക്കുന്നുണ്ട്‌.

തമിഴ്‌നാട്‌, കർണാടക, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ അവശ്യ സാധനങ്ങളുടെ സംഭരണവും എത്തിക്കലും സെക്രട്ടറിതലത്തിൽ നേരിട്ട്‌ ബന്ധപ്പെട്ടാണ്‌ ഉറപ്പാക്കുന്നത്‌.

സാധനങ്ങൾ കയറ്റിയ ഒമ്പതു ലോറിക്ക്‌ തമിഴ്‌നാട്ടിൽനിന്ന്‌ കേരളത്തിലേക്ക്‌ എത്തുന്നതിന്‌ തടസ്സം നേരിട്ടപ്പോൾ സെക്രട്ടറിതലത്തിൽ ഇടപെട്ടു. മൂന്ന്‌ ലോറി എത്തിക്കഴിഞ്ഞു. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്ന്‌ അരിയും പഞ്ചസാരയുമടക്കം എത്തിക്കുന്നതും ഉറപ്പാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News