കൊറോണ: അടച്ചിട്ട നഗരത്തിൽ അപരിചിതൻ എത്തി

കോവിഡ്‌ ഭീതിയിലാണ്‌ ലോകം. മനുഷ്യരെല്ലാം അകത്താണ്‌. ലോക്‌ ഡൗൺ ചെയ്യപ്പെട്ട മേഖലകളിൽ നിന്ന് വരുന്ന വാർത്തകളിൽ കൗതുകകരമായതുമുണ്ട്‌. അവയിലൊന്നാണ്‌ മനുഷ്യവാസമുള്ള മേഖലകളിലേക്ക്‌ വന്യജീവികളെത്തുന്നത്‌.ദ ഗാർഡിയനിൽ കഴിഞ്ഞ ദിവസം ഇത്തരമൊരു റിപ്പോർട്ടുമുണ്ടായിരുന്നു.

പല ലോക നഗരങ്ങളിലും അപൂർവ്വമോ വംശനാശഭീഷണി നേരിടുന്നതോ ആയ മൃഗങ്ങളെയോ പക്ഷികളെയോ എല്ലാം കാണുന്നു എന്നുള്ളതായിരുന്നു അത്‌. എന്നാൽ ഇത്‌ നിഷേധിച്ചും റിപ്പോർട്ടുകൾ വന്നു. നഗരങ്ങളിലോ മറ്റോ ഉപയോഗിക്കപ്പെടാത്ത സ്ഥലങ്ങളിൽ ഇവയുണ്ടെന്നും പല വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്നതാണ്‌ എന്ന വിമർശ്ശനവുമുണ്ടായി.

മനുഷ്യർ ഒഴിഞ്ഞപ്പോൾ പഴയ വഴികൾ തിരഞ്ഞ്‌ അവരെത്തി എന്നെല്ലാം ക്യാപ്ഷനിട്ട്‌ പലരും ഇതെല്ലാം ആഘോഷിക്കുകയും. ചിലർ നിശിതമായി വിമർശ്ശിക്കുകയും ചെയ്തു.

ഏതായാലും കേരളത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ കൗതുകകരമാവുകയാണ്‌. ലോക്‌ ഡൗൺ രണ്ട്‌ ദിനങ്ങൾ പിന്നിടുമ്പോൾ കോഴിക്കോട്‌ മേപ്പയൂരിൽ നിന്നാണ്‌ ആ ദൃശ്യങ്ങൾ. മലബാർ സിവെറ്റ്‌ എന്നറിയപ്പെടുന്ന ഇപ്പോൾ വളരെ അപൂർവ്വമായ മലബാർ വെരുകെന്ന് തോന്നിപ്പിക്കുന്ന ഒരു ജീവി സീബ്രാക്രോസിംഗ്‌ കടന്നുപോവുന്നു. രാത്രിമാത്രം പുറത്തിറങ്ങുന്ന ഈ സസ്തനി മെല്ലെ നഗരത്തിലൂടെ നടക്കുകയാണ്‌.

സ്മാൾ ഇന്ത്യൻ സിവെറ്റോ മലബാർ സിവെറ്റോ ആണിതെന്ന് വീഡിയോയിലൂടെ മനസ്സിലാക്കാം.ഐ യു സി എൻ റെഡ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയാണ്‌ മലബാർ സിവെറ്റ്‌.1990 ന്‌ ശേഷം 2014 വരെ നടത്തിയിട്ടുള്ള സർവ്വേകളിൽ ഈ ജീവിയെ കണ്ടെത്താനായിട്ടില്ല.

തൊണ്ണൂറുകൾക്കൊടുവിൽ തെക്കൻ മലബാറിൽ ഇവയെ കണ്ടതായി പറയുന്നുണ്ട്‌.ഏതായാലും പശ്ചിമഘട്ടത്തിലെ നിബിഢമായ ജൈവവൈവിധ്യ മേഖലകൾ ഇവയെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് ആശ്വസിക്കാനാവുമെന്നാണ്‌ വീഡിയോ നൽകുന്ന പ്രതീക്ഷ.

മറ്റൊരു അഭിപ്രായമുള്ളത്‌ ഇത് പൂവെരുക് എന്ന സ്മോൾ ഇന്ത്യൻ സിവെറ്റ്‌ ആണെന്നതാണ്‌.കേരളത്തിൽ സാധാരണമായ മരപ്പട്ടിയുടെ ബന്ധുവായ ഇവ രാത്രീഞ്ചരന്മാരാണ്‌. നാട്ടിൻപുറങ്ങളിലും വന പ്രദേശങ്ങളിലും ഇവയെ കാണാം. വീഡിയോയിൽ ഉള്ളത് എന്തെങ്കിലും അസുഖം പിടിപെട്ടത് അല്ലെങ്കിൽ വിഷം ഉള്ളില്‍‌ ചെന്നതോ അത്തരം സാഹചര്യങ്ങളിൽ പുറത്തിറങ്ങിയതോ ആണെന്നും അഭിപ്രായമുണ്ട്‌.

അതേക്കുറിച്ചെല്ലാം സ്ഥിരീകരണങ്ങൾ വരേണ്ടതുണ്ട്‌.ദൃശ്യങ്ങൾ നൽകുന്ന സൂചന മലബാർ സിവെറ്റ്‌ ആണെന്നാണ്‌. അങ്ങനെയെങ്കിൽ ലോകത്തെ സസ്തനികളായ ചെറു മാംസഭോജികളിലെ അത്യപൂർവ്വമായ ഒരു ജന്തുവിനെയാണ്‌ നിങ്ങൾ കണ്ടത്‌.

ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ കോവിറ്റുകളുടെ ജനിതക വിശകലനങ്ങൾ നടക്കുന്നുണ്ട്‌.കൂടുതൽ വിവരങ്ങൾ വൈകാതെ അറിയാം.മലബാർ സിവെറ്റിന്റെ ഗവേഷണം നടത്തിയ ദിവ്യ മുടപ്പ പറഞ്ഞ ഒരു കാര്യം കൂടി പറഞ്ഞ്‌ അവസാനിപ്പിക്കാം.മലബാർ സിവെറ്റിന്റെ ഏറ്റവും മോശമായ ഒരു ചിത്രം പോലും മറ്റേത്‌ ജീവികളേക്കാളും മനോഹരമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News