‘വിത്തിറക്കാം വീട്ടിലിരിക്കാം, കരുതല്‍ കാലത്തെ കൃഷി പാഠം’; വീടുകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യാന്‍ ഡിവൈഎഫ്‌ഐ

ഡി വൈ എഫ് ഐ മോറാഴ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.

സര്‍ക്കാര്‍ 21 ദിവസം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്ലാവരും വീട്ടില്‍ കഴിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതി ഡി വൈ എഫ് ഐ ആസൂത്രണം ചെയ്തത്. ‘വിത്തിറക്കാം വീട്ടിലിരിക്കാം, കരുതല്‍ കാലത്തെ കൃഷി പാഠം’ എന്നതാണ് മുദ്രാവാക്യം.

ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുന്ന സമയത്ത് തന്നെ കാര്‍ഷിക മേഖലയില്‍ അവരുടെ ഒഴിവു സമയത്തിന്റെ ഒരു ഭാഗം ചിലവഴിക്കാന്‍ പ്രചോദിപ്പിക്കുക എന്നതാണ് ഇതില്‍ ഡി വൈ എഫ് ഐ കാണുന്നത്. ഇരുപത് ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കുന്ന ചീരയുള്‍പ്പെടെയുള്ള പച്ചക്കറി വിത്തുക്കളും, വെണ്ട വഴുതിന , മുളക് , തക്കാളി, പയര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി വിത്തുകളും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകരുടെ കയ്യില്‍ നിന്ന് ശേഖരിച്ചവയും,വിത്തുകള്‍ ഉത്പാദിപ്പിച്ചു വിപണനം നടത്തുന്നവരില്‍ നിന്നും ശേഖരിച്ചവയും ഉള്‍പ്പെടെയുള്ള വിത്തുകളാണ് കിറ്റുകളാക്കി വിതരണം ചെയ്യുന്നത്.

നിലവിലെ സാഹചര്യത്തില്‍ വീടുകള്‍ തോറും കയറി വിതരണം ചെയ്യാനുള്ള പ്രയാസം കണക്കിലെടുത്താണ് പത്രത്തിന്റെ കൂടെ വിത്തുകള്‍ വിതരണം ചെയ്യാമെന്ന രീതി സ്വീകരിച്ചത്. വിത്തുകള്‍ ആര്‍ക്കെങ്കിലും ലഭ്യമല്ലാതെ വന്നാല്‍ എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

2000ത്തോളം വീടുകളിലാണ് നാളെമുതല്‍ ഡി വൈ എഫ് ഐ കിറ്റുകള്‍ എത്തുക. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ഭാഗമായി ഡി വൈ എഫ് ഐ കാണുന്നു. പൊതുവില്‍ ഭക്ഷണം ലഭ്യമല്ലാത്തവര്‍ക്ക് ഭക്ഷണമെത്തിക്കാനും, മരുന്നുകള്‍ വാങ്ങി നല്‍കാനും , പലചരക്ക് സാധനങ്ങള്‍ ആവശ്യപ്പെട്ട് ഹെല്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുമുള്ള തിരക്കിലാണ് ഡി വൈ എഫ് ഐ വളണ്ടിയര്‍മാര്‍. അതിന്റെ കൂടെ തന്നെയാണ് ഇങ്ങനെയൊരു ക്യാമ്പയിനും നേതൃത്വം നല്‍കാന്‍ ഡി വൈ എഫ് ഐ മോറാഴ മേഖല കമ്മറ്റി തയ്യാറായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here