പ്രവാസികളോട് മുഖ്യമന്ത്രി പിണറായി: ”പ്രിയപ്പെട്ടവരെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട; ഇവിടെ അവരെല്ലാം സുരക്ഷിതരാണ്”

തിരുവനന്തപുരം: നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ലെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ പലരും കോവിഡ് 19 സംബന്ധിച്ച ആശങ്ക അറിയിക്കുന്നുണ്ട്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ല. അവരുടെ എല്ലാ ആവശ്യങ്ങളിലും കൃത്യമായി ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രമിക്കണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മറക്കരുത്. മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്.

നില്‍ക്കുന്നിടത്തു തന്നെ തുടരുക എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിബന്ധന. അതുകൊണ്ടുതന്നെ ഇങ്ങോട്ടുവരാന്‍ പ്രയാസമുണ്ട്. പ്രവാസികള്‍ മാത്രമല്ല, സംസ്ഥാനത്തുനിന്ന് ജോലി ആവശ്യത്തിനും പഠനത്തിനും പോയ ആളുകളും ഇങ്ങോട്ടു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരൊക്കെ അതിനായി ശ്രമം നടത്തുകയാണ്. എന്നാല്‍, തല്‍ക്കാലം യാത്രാസൗകര്യങ്ങള്‍ക്ക് നിവൃത്തിയില്ലാതെ വന്നിരിക്കുന്നു.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News