കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണസംഖ്യ 24000 കടന്നു, ഇറ്റലിയില്‍ 8215, സ്പെയിനില്‍ 4365; രോഗബാധിതര്‍ കൂടുതല്‍ അമേരിക്കയില്‍

ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24065 ആയി. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 712 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 8215 ആയി. സ്പെയിനില്‍ 24 മണിക്കൂറിനിടെ 718 പേര്‍കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 4365 ആയി.

157 പേര്‍കൂടി മരിച്ച ഇറാനില്‍ മരണസംഖ്യ 2234 ആയി. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് അമേരിക്കയിലാണ്. ഒരു ദിവസം കൊണ്ട് 17057 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ 85268 രോഗബാധിതര്‍ ആണ് യുഎസിലുള്ളത്. ഇവിടെ മരണ സംഖ്യ ഉയരുകയാണ്. നിലവില്‍ 1293 പേര്‍ മരിച്ചിട്ടുണ്ട്.

മൂന്നുമാസം മുമ്പ് രോഗം ആദ്യം കണ്ടെത്തിയ ചൈനയില്‍ ആറ് പേര്‍കൂടി മാത്രമാണ് മരിച്ചത്. മൊത്തം മരണസംഖ്യ 3287. പുതിയ 67 രോഗബാധ സ്ഥിരീകരിച്ചെങ്കിലും എല്ലാം വിദേശത്തുനിന്ന് രോഗവുമായി എത്തിയവര്‍.

ലോകത്താകെ 185 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇതില്‍ പകുതിയിലധികം യൂറോപ്പിലാണ്. സ്പെയിന്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു.

രോഗവ്യാപനം തടയുന്നതിന്റെഭാഗമായി ജര്‍മനിയില്‍ ഊര്‍ജിതമായ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ആഴ്ച അഞ്ച് ലക്ഷം പരിശോധന നടത്തി. ഇതുമൂലം ജര്‍മനിയില്‍ മരണസംഖ്യ താരതമ്യേന കുറവാണ്. നാല്‍പ്പതിനായിരത്തിലധികം രോഗികള്‍ ഉണ്ടെങ്കിലും 229 പേരാണ് വ്യാഴാഴ്ചവരെ മരിച്ചത്.

അതേസമയം ജര്‍മനിയിലേക്കാള്‍ 15000 രോഗികള്‍ കുറവുള്ള ഫ്രാന്‍സില്‍ മരണസംഖ്യ ആയിരത്തഞ്ഞൂറോളമായി. ബ്രിട്ടനിലും നെതര്‍ലന്‍ഡ്സിലും 500 കടന്നു. കസാഖിസ്ഥാന്‍, ആര്‍മീനിയ, ചാനല്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here