
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലവൂരിലെ കെഎസ്ഡിപി മരുന്നുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. കോവിഡ് രോഗികളെ ബാധിക്കുന്ന പനി, ചുമ തുടങ്ങിയവയ്ക്കുള്ള പാരസെറ്റമോള്‍, അമോക്സിലിന്‍, അസിത്രോമൈസിന്‍, സെട്രാസിന്‍, ചുമയ്ക്കുള്ള മരുന്ന് തുടങ്ങിയ ഏഴിനങ്ങളുടെ ഉല്‍പ്പാദനമാണ് യുദ്ധകാലടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ മരുന്നുകള്‍ മുഴുവന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വാങ്ങി ആശുപത്രികളില്‍ എത്തിക്കും. പ്രവര്‍ത്തനമൂലധനമായി കെഎസ്ഡിപിക്ക് 25 കോടി രൂപ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ പണം കൈമാറിയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു.
സാനിറ്റൈസര്‍ പ്രതിദിനം അരലക്ഷം ബോട്ടില്‍
പ്രതിദിനം 50,000 ബോട്ടില്‍ സാനിറ്റൈസറാണ് കെഎസ്ഡിപി ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 20,000 ആയിരുന്നു. ഒരു ലക്ഷമാണ് ലക്ഷ്യം. ട്രാവന്‍കൂര്‍ ഷുഗേഴ്‌സാണ് നല്‍കുന്ന ആള്‍ക്കഹോള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഷെഡിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു.
മറ്റ് വിഭാഗങ്ങളിലെ തൊഴിലാളികളെ സാനിറ്റൈസര്‍ പ്ലാന്റിലേക്ക് താല്‍ക്കാലികമായി മാറ്റിയാണ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്. എന്നാല്‍ മരുന്നു നിര്‍മാണം വര്‍ധിപ്പിച്ചതോടെ ഈ ജീവനക്കാരെ മാതൃവിഭാഗങ്ങളിലേക്ക് തിരിച്ചയച്ചു. പകരം സമീപ പഞ്ചായത്തുകളില്‍നിന്ന് 180ഓളം തൊഴിലാളികളെ താല്‍ക്കാലികമായി നിയമിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് പുതിയൊരു ഓട്ടോമാറ്റിക് ഫില്ലിങ് മെഷീന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ സി ബി ചന്ദ്രബാബു അറിയിച്ചു.
മാസ്‌ക് നിര്‍മാണം ഉടന്‍
ഡബ്ല്യുഎച്ച്ഒ സ്റ്റാന്‍ഡേര്‍ഡിലുള്ള മാസ്‌കുകള്‍ക്ക് കെഎസ്ഡിപിക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും പ്രത്യേക ഫില്‍ട്ടര്‍ തുണി ലഭ്യമല്ലാത്തതിനാല്‍ നിര്‍മാണം തുടങ്ങാനായിട്ടില്ല. ഇവ ഉല്‍പ്പാദകരില്‍നിന്ന് നേരിട്ട് വാങ്ങാനുള്ള നീക്കം സര്‍ക്കാര്‍തലത്തില്‍ പുരോഗമിക്കുന്നു. മാസ്‌കിന്റെ തയ്യല്‍ജോലികള്‍ നിര്‍വഹിക്കാന്‍ കുടുംബശ്രീയെയും കണിച്ചുകുളങ്ങര യേശുഭവനെയും ചുമതലപ്പെടുത്തി.
ലോക്ക് ഡൗണില്‍ ലോഡ് കുടുങ്ങി
അതേസമയം ഫാക്ടറിയിലേക്കുള്ള ചരക്കുനീക്കത്തെ ലോക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചു. രണ്ട് ലോഡ് രാസവസ്തുക്കള്‍ സേലത്ത് കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിലേക്ക് വരാന്‍ ഡ്രൈവര്‍മാര്‍ മടിക്കുന്നതാണ് കാരണം. കൂടാതെ രണ്ടുലക്ഷം ലിറ്റര്‍ ആള്‍ക്കഹോള്‍ കോളാര്‍ ചെക്ക്‌പോസ്റ്റിലും മഹാരാഷ്ട്ര അതിര്‍ത്തിയിലും മൂന്നുദിവസമായി കുടുങ്ങി കിടക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here