ശാരീരിക അകലം പാലിച്ചുള്ള മാനസിക യോജിപ്പാണ് വേണ്ടത്; വൈറസ് വിപത്ത് ചെറുക്കുകയെന്നത് മഹായജ്ഞം: കോടിയേരി

തിരുവനന്തപുരം > കൊറോണ വൈറസിന്റെ വിപത്ത് ചെറുക്കുകയെന്നത് ഒരു മഹായജ്ഞമാണെന്നും അതിനെ ആ അര്‍ഥത്തില്‍ കാണാന്‍ എല്ലാവരും തയ്യാറാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നമ്മള്‍ പ്രതിസന്ധിയിലൂടെ തന്നെയാണ് കടന്നുപോകുന്നത്. കോവിഡ് -19 മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു.

185 രാജ്യങ്ങളില്‍ രോഗമെത്തി. വികസിത രാജ്യങ്ങളെപ്പോലും കൊറോണ വൈറസ് വിറപ്പിക്കുകയാണ്. ഈ സ്ഥിതിയില്‍ 130 കോടി ജനങ്ങളുള്ള ഇന്ത്യ അതീവജാഗ്രത കാട്ടേണ്ടതുണ്ട്. 700 ലധികം കേസാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സമൂഹ്യവ്യാപനത്തിന്റെ ഭീഷണിയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍. കോവിഡ് -19നെ തോല്‍പ്പിക്കാന്‍ രാജ്യം പൂര്‍ണമായി ഏപ്രില്‍ 14 വരെ 21 ദിവസം അടച്ചിടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.

എന്നാല്‍, ഈ അറിയിപ്പ് വരുംമുമ്പേ കേരളത്തില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിയിരുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് കഴിഞ്ഞുവെന്നത് ആശാവഹമായ കാര്യമാണ്. എന്നാല്‍, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെ ഇത് ചുടലക്കളമാക്കിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിന്റെ അടുത്ത കേന്ദ്രം അമേരിക്കയാകുമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുകയാണ്.

മരണസംഖ്യ ലോകത്ത് ഉയരുകയും രോഗബാധിതരുടെ എണ്ണം ക്രമാതീതമാകുകയും ചെയ്യുന്നു. ആദ്യത്തെ ഒരു ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നുമാസം കൊണ്ടാണ്. എന്നാല്‍, അടുത്ത ഒരുലക്ഷം പേര്‍ക്കുകൂടി രോഗമുണ്ടായത് 12 ദിവസത്തിനുള്ളിലാണ്. വീണ്ടും ഒരുലക്ഷം പേര്‍ക്കുകൂടി ബാധിച്ചതാകട്ടെ വെറും ഒരാഴ്ചയ്ക്കുള്ളില്‍. ഇതു നല്‍കുന്ന മുന്നറിയിപ്പ് ഗൗരവമുള്ളതാണ്.

ആഗോളതലത്തില്‍ രോഗികളുടെ എണ്ണം നാലുലക്ഷം കടന്നു. ഇറ്റലി, ഇറാന്‍, സ്‌പെയിന്‍, യുഎസ് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നു. ആറു കോടി ജനങ്ങളുള്ള ഇറ്റലിയില്‍ ആരോഗ്യസംവിധാനം മികച്ചതായിരുന്നു. പക്ഷേ, രോഗബാധിതരുടെ എണ്ണം കൂടിയപ്പോള്‍ ആരോഗ്യരംഗം താറുമാറായി. അവിടെ രോഗബാധിതരുടെ എണ്ണം എഴുപത്തി അയ്യായിരവും മരണം ഏഴായിരവും കവിഞ്ഞു.

ഇവിടങ്ങളിലെ രോഗവ്യാപനത്തിന്റെ വേഗതയും മരണനിരക്കും മനസ്സിലാക്കിയാണ് കേരളവും തുടര്‍ന്ന് രാജ്യം തന്നെയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ വിപത്ത് തടയുകയെന്നത് ഇന്നത്തെ പരമപ്രധാന രാഷ്ട്രീയകടമയായി എല്ലാ കമ്യൂണിസ്റ്റുകാരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഏറ്റെടുക്കണം. ഈ വിഷയത്തില്‍ ഭരണപക്ഷം, പ്രതിപക്ഷം, ഇടതുപക്ഷം, വലതുപക്ഷം എന്നിത്യാദി ചേരിതിരിവോ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന വേര്‍തിരിവോ വേണ്ട.

ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ എല്ലാ മനുഷ്യരുടെയും ഒരുമയാണ് വേണ്ടത്. സാധാരണയായി ഐക്യമെന്നത് ശാരീരികമായി അകലമില്ലാത്ത ഒത്തുകൂടലാണ്. എന്നാല്‍, ഇവിടെ ശരീരംകൊണ്ട് അകലം പാലിച്ചുള്ള മാനസിക യോജിപ്പാണ് ആവശ്യപ്പെടുന്നത്. വീട്ടില്‍ത്തന്നെ കഴിയുക, അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ അത്യാവശ്യ സര്‍വീസ് സേവനത്തിനോ, അത്യാവശ്യവസ്തുക്കള്‍ വാങ്ങാനോ മാത്രമേ വീട്ടില്‍നിന്ന് പുറത്തേക്കുപോകാന്‍ പാടുള്ളൂ.

ഈ ഘട്ടത്തില്‍ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ചില സാമൂഹ്യകടമകള്‍ നിറവേറ്റാന്‍ ബദ്ധശ്രദ്ധ കാട്ടണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, അവരുടെ കുടുംബങ്ങള്‍, ഭക്ഷണം, മരുന്ന് മുതലായവ കിട്ടാന്‍ ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരെയെല്ലാം സഹായിക്കാന്‍ കഴിയണം.

അതിന് തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ജാഗ്രതയോടെ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തണം.

ഇക്കാര്യങ്ങളില്‍ പ്രാദേശികമായി ശ്രദ്ധ പുലര്‍ത്താനും ആവശ്യമുള്ള കുടുംബങ്ങള്‍ക്കും ആളുകള്‍ക്കും ഭക്ഷണം എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കും സിപിഐ എം ഘടകങ്ങളും എല്‍ഡിഎഫ് കമ്മിറ്റികളും മാതൃകാപരമായ ഇടപെടല്‍ നടത്തണമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News