‘സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ, സര്‍ക്കാരിനൊപ്പം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പിന്തുണ നല്‍കിയും അഭിനന്ദിച്ചും യൂത്ത്‌കോണ്‍ഗ്രസ് നേതാവ്. സര്‍ക്കാരിന്റ കൊറോണ വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കുന്നതായും സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നില്‍ക്കേണ്ട സമയമാണിതെന്നും ഫെയ്‌സ്ബുക്കിലൂടെ നിയാസ് ഭാരതി പറഞ്ഞു.

നിയാസ് ഭാരതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നമ്മളുമില്ല, നിങ്ങളുമില്ല, ഞങ്ങള്‍ മാത്രം .

ഇത് തര്‍ക്കിക്കാനും ,ആരോപണം ഉന്നയിക്കാനും ,ആക്ഷേപിക്കാനും ഉള്ള സമയമല്ല .ഇത് ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ് .ലോകം മുഴുവന്‍ അതി ഗുരുതരമായ ഒരു വലിയ വിപത്തിനെ നേരിടുകയാണ് . ഇതിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചു നിന്ന് അതിജീവിക്കേണ്ട സമയമാണ് .സാമ്പത്തികമായും ,മാനസികമായുമൊക്കെ നമ്മള്‍ ഓരോരുത്തരും പ്രതി സന്ധിയിലാണ് .
ലോകത്തിലുള്ള എല്ലാ സര്‍ക്കാരുകളും ഇതിനെ അതിജീവിക്കാനുള്ള പ്രയത്‌നത്തിലാണ് .സര്‍ക്കാരുകളോടൊപ്പം ജനങ്ങളും ഒരേ മനസ്സോടെ ഒരേ വികാരത്തോടെ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ് .
സംവിധാനങ്ങള്‍ ഒരുക്കാനും ,ഇതിനെ നേരിടാനും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയും, പ്രതിസന്ധിയുമാണ് .എല്ലാ മേഖലകളും അടച്ചിട്ടതോടെ നികുതി വരുമാനവും നിലച്ച അവസ്ഥയും.
ഓര്മ വെച്ച നാള്‍ മുതല്‍ ബൂത്തു തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങി യൂത്ത് കോണ്‍ഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് വരെ ആയ ഒരാളാണ് ഞാന്‍ .ജീവിതാവസാനം വരെയും ആ ത്രിവര്‍ണ്ണ കൊടി തന്നെയാണ് എന്റെ കൊടിയും. എന്നാലിത് വിഭാഗീയതയുടെ സമയമല്ല. ഏത് സര്‍ക്കാര്‍ ആയാലും സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നില്‍ക്കേണ്ട സമയമാണ്. സുനാമി വന്നപ്പോഴും ,പ്രളയം വന്നപ്പോഴും ഒക്കെ നമ്മള്‍ ഒറ്റകെട്ടായി നിന്നതാണ് .ഈ പ്രതിസന്ധിയിലും നമുക്ക് ഒരുമിച്ചു നില്‍ക്കണം.വിഭാഗീയതയുടെയോ ,ജാതിയുടെയോ ,മതത്തിന്റെയോ ,രാഷ്ട്രീയത്തിന്റെയോ സമയമല്ലിത് .സര്‍ക്കാരിനൊപ്പം നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കണം .

ഭൂമിയും ,വീടുമില്ലാതെ നരകിച്ചിരുന്ന 20 പേര്‍ക്ക് ഞാന്‍ കഴിഞ്ഞ വര്‍ഷം എന്റെ ഭൂമി വിതരണം ചെയ്യുകയും ,അവിടെ അവര്‍ക്കു വീടൊരുക്കാനുള്ള ശ്രമത്തിലുമായിരുന്നു. അവരുടെ വീട് നി ര്‍മ്മാണത്തിനുപയോഗിക്കാന്‍ ഞാനും ഭാര്യയും കൂടി ഞങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് നീക്കി വെച്ചിരുന്ന തുകയില്‍ നിന്ന് 100,000 (ഒരു ലക്ഷം )രൂപ സര്‍ക്കാരിന്റ കൊറോണ വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് .

എന്തെല്ലാം കൂട്ടി വെച്ചാലും, വെട്ടി പിടിച്ചാലും ജീവിച്ചിരിക്കാന്‍ കഴിഞ്ഞാലേ അതുകൊണ്ടൊക്കെ പ്രയോജനമുള്ളു എന്ന സത്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.
സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്‍തുണയും അറിയിക്കുന്നു .

ഇതോടൊപ്പം കൊറോണ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സപ്പോര്‍ട്ടും, പ്രതീക്ഷയും നല്കാന്‍ യുവജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട്, പ്രശസ്ത സിനിമ താരവും സംസ്ഥാനഅവാര്‍ഡ് ജേതാവുമായ പ്രിയങ്ക നായരോടൊപ്പം ‘be positive ‘എന്ന സന്ദേശവുമായി യുവ ഭാരത് മിഷന്‍ എന്ന യുവജന കൂട്ടായ്മയുടെ പേരില്‍പ്രചരണവും നടത്തുന്നത് സന്തോഷ പൂര്‍വ്വം അറിയിക്കുന്നു
#Be_POSITIVE
#STAY_HOME

സ്‌നേഹപൂര്‍വ്വം
നിയാസ് ഭാരതി
മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News