സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 34 പേര്‍ കാസര്‍ഗോഡ്; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും; സ്ഥിതി ഗുരുതരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം; ക്യൂബന്‍ മരുന്ന് ഉപയോഗിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏറ്റവും കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്, 34 പേര്‍. കണ്ണൂരില്‍ 2 പേര്‍, തൃശൂര്‍-1, കോഴിക്കോട്-1, കൊല്ലം-1. 112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം നെഗറ്റീവാണ്.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകണം. പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരുമായി സമ്പര്‍ക്കമുള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇടുക്കി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചാരിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച പലരും സമൂഹത്തില്‍ ഇടപെട്ട സ്ഥിതിയുണ്ട്.

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷോളായാര്‍ വരേയും സഞ്ചരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ്, സ്‌കൂള്‍ നിയമസഭ മന്ദിരം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.

എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാന്‍ ആദ്യം സൂക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. കൊറോണയ്‌ക്കെതിരെ നമ്മള്‍ ജാഗ്രത പ്രഖ്യാപിച്ച പോയ ദിവസങ്ങളില്‍ തന്നെ സംഘടിതമായ സമരങ്ങള്‍ നമ്മള്‍ കണ്ടതാണ്.

ഇതൊക്കെ സംസ്‌കാരസമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ല. ആ നിലയ്ക്ക് ഒരു മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കേണ്ട ഘട്ടത്തിലാണ് ഈ രീതിയില്‍ തള്ളിക്കയറിയും ബലം പ്രയോഗിച്ചുമുള്ള സമരമുറ കേരളം കണ്ടത്.

മറ്റൊരു പ്രശ്‌നം കാസര്‍ഗോഡ് ജില്ലയോട് ചേര്‍ന്നതാണ്. കാസര്‍ഗോഡ് ജനങ്ങള്‍ ആശുപത്രി കാര്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. ഡയാലിസസ് അടക്കം പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും അവിടേക്ക് ആള്‍ക്കാള്‍ നിത്യേന പോകാറുണ്ടായിരുന്നു. രോഗികള്‍ക്ക് പോലും അങ്ങോട്ട് പോകാന്‍ പറ്റാത്ത നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

ഇതില്‍ പലയിടത്തും കര്‍ണാടക മണ്ണ് കൊണ്ടു പോയിട്ട് റോഡ് തടയുന്ന അവസ്ഥയുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ ഈ നടപടി ശരിയല്ലെന്നും ഇക്കാര്യം കേരളം സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിര്‍ത്തിയിലെ മണ്ണ് മാറ്റാമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ അടിയന്തര നടപടി ആവശ്യമാണ്. രോഗം ഗുരുതരമാകുന്ന ആളുകളെ ചികിത്സിപ്പിക്കുന്നതിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ലാബ് ആക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും മുബൈ, ദില്ലിയടക്കമുള്ള വിവിധ നഗരങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ഉടനെ അധികൃതരെ അറിയിക്കണം.

വിദേശത്തുനിന്നും വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. പ്രായമായവര്‍ മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ച് സമ്പര്‍ക്കം പുലര്‍ത്തണം. പ്രമേഹം, അര്‍ബുദം, വൃക്കരോഗം എന്നിവയ്ക്ക് ചികിത്സിക്കുന്നവരും തുടര്‍ ചികിത്സ ആവശ്യമുള്ളവവരും മറ്റുള്ളവരുമായി കൃത്യമായി അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കും. ആവശ്യമില്ലാതെ ബലം പ്രയോഗിച്ചാല്‍ പൊലീസിന്റെ പേരിലും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പണയത്തിനുള്ള സ്വര്‍ണത്തിന്റെ ലേലം, പണയ നോട്ടീസ് എന്നിവ നിര്‍ത്തിവയ്ക്കണം. സ്‌കൂളുകള്‍ ഇപ്പോള്‍ ഫീസുകള്‍ പിരിക്കരുത്. അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത് കളക്ടര്‍മാര്‍ വ്യക്തിപരമായ ഉത്തരവാദിത്വമായി കാണണം. അമിത മദ്യാസക്തിയുള്ളവരെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായി. ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് കൊറോണ രോഗികള്‍ക്ക് നല്‍കുന്നത് ജില്ലാ ആശുപത്രികളില്‍ നിന്നാണ്. ഇനി മുതല്‍ താലൂക്കാശുപത്രിയിലും മരുന്ന് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News