കൊല്ലത്തും കൊറോണ: രോഗബാധിതന്റെ റൂട്ട്മാപ്പ് പുറത്ത്

ആദ്യമായി കൊല്ലത്തും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 18ന് ദുബൈയില്‍ നിന്നെത്തിയ പ്രാക്കുളം സ്വദേശിക്കാണ് രോഗം. ഇയാള്‍ക്കൊപ്പം ആറംഗ കുടുംബത്തെയും പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

എമിറേറ്റ്സ് വിമാനത്തില്‍ പതിനെട്ടിന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്നും ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍. കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തിറങ്ങി ചായ കുടിച്ചശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോയി.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അന്നുതന്നെ വൈകുന്നേരം അഞ്ചാലുംമൂട്ടിലെ പിഎന്‍എന്‍ ആശുപത്രിയില്‍ ചികിത്സ തേടി. 19ന് ദേവീ ക്ലിനിക്കിലും ചികിത്സ തേടി. ഓട്ടോറിക്ഷയില്‍ എത്തി അതേ ഓട്ടോറിക്ഷയില്‍ മടങ്ങുകയാണ് ചെയ്തത്. 23നും 24നും തൃക്കരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി.

25ന് വീണ്ടും പിഎന്‍എന്‍ ആശുപത്രിയില്‍ എത്തുകയും ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് സ്രവം എടുക്കുന്നതിനായി കൊണ്ടുപോവുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധിതനെയും കുടുംബത്തെയും പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തൃക്കരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. മറ്റ് 2 ആശുപത്രിയികളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും, ആശുപത്രി താത്കാലികമായി അടക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിതന്റെ വിശദമായ റൂട്ട് മാപ്പും രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരായ 24 കൊല്ലം സ്വദേശികളുടെ വിവരങ്ങളും പുറത്തുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here