ലോക്ക് ഡൗണില്‍ നാം എങ്ങനെയാകണം; സിപിഐഎം ജില്ലാസെക്രട്ടറിയാണ് മാതൃക; പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് വൈറല്‍ ആകുന്നു

സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷം പോലീസ് കര്‍ശനമായ നടപടികള്‍ ആണ് എടുക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിന്റെ പേരില്‍ പലരും പോലീസിനെതിരെ രംഗത്ത് വരുന്നുണ്ട്.

സെല്‍ഫ് ഡിക്ലറേഷന്‍ ഫോം കയ്യില്‍ കരുതണം എന്ന നിര്‍ദ്ദേശം പോലും പലരും പാലിക്കുന്നില്ല എന്ന് പോലീസും പറയുന്നു. ഈ സാഹചര്യത്തില്‍ ആണ് ഇന്ന് ഒരു ജ്യോതിഷ് ആര്‍ കെ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് ശ്രദ്ധേയമായത്.

മങ്കാട്ട് കടവില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ജ്യോതിഷ് ഉള്‍പ്പെടെ ഉള്ള പോലീസ് സംഘത്തിന് മുന്നില്‍ വന്നു നിന്ന കാറില്‍ ഉണ്ടായിരുന്ന സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ കാറിനടുത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന് കൈമാറിയത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആയിരുന്നു.

സിപിഎം ജില്ല സെക്രട്ടറിയെ അറിയാത്തവരല്ല ആ പോലീസുകാരില്‍ ആരും , എന്നിട്ടും അദ്ദേഹം തന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചു എന്ന് ജ്യോതിഷ് പോസ്റ്റില്‍ പറയുന്നു.

ഇത്തരം മാതൃകകള്‍ ആണ് വേണ്ടതെന്ന് ചൂണ്ടിക്കാണിക്കാന്‍ ആണ് ജ്യോതിഷ് ആ പോസ്റ്റ് ഇട്ടത്. ജ്യോതിഷിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപവും ലിങ്കും ചുവടെ .

വാഹന പരിശോധന സമയത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് ചിലരുടെ പെരുമാറ്റ രീതിയാണ്. പലരും പെരുമാറ്റത്തില്‍ പോലീസിനെയാണ് കുറ്റം പറയുന്നത്.

പക്ഷെ എന്തു ചോദിച്ചാലും ധിക്കാരമായി പെരുമാറുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് അവരുടെ വാഹനം തടയുന്നത് തന്നെ ഇഷ്ടകേടാണ്.

പലരോടും നിങ്ങള്‍ എന്താണ് ഒരു സാക്ഷ്യപത്രം കൈയില്‍ വയ്ക്കാത്തത് എന്നു ചോദിക്കുമ്പോള്‍ അതിന്റെ അവശ്യം എന്താണ് എന്നായിരിക്കും മറുപടി. പത്രത്തില്‍ ഇതൊന്നും വായിച്ചില്ലേ എന്നു ചോദിച്ചാല്‍ . അതൊന്നും നമുക്ക് ബാധകമായ കാര്യമല്ല എന്നമട്ടിലൊരു നോട്ടമാണ്.

പക്ഷെ ഇന്ന് അതില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായി . അത് പറയാതെ പോകുന്നത് ശരിയല്ല എന്നതു കൊണ്ടു മാത്രം പറയുന്നു.

ഇന്ന് മങ്കാട്ട് കടവില്‍ വാഹന പരിശോധന നടത്തി വരവേ ഒരു കാര്‍ വന്നു മുന്നില്‍ നിന്ന പോലീസുകാരന്‍ കൈ കാണിച്ച് എന്റെയടുത്തേക്ക് നിറുത്താന്‍ പറഞ്ഞു. വണ്ടി അടുത്ത് നിറുത്തിയപ്പോര്‍ അതിനുള്ളിലെ ആളെ കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി CPI ( M ) തിരു: ജില്ലാ സെക്രട്ടറിയുടെ കാറാണ് . എന്റെ സമീപം കാര്‍ നിറുത്തി.

ഞാന്‍ എന്തെങ്കിലും പറയും മുമ്പേ തന്നെ അദ്ദേഹം കൈയിലിരുന്ന Self Declaration from കാണിച്ചു. നോക്കി വളരെ കൃത്യമായി യാത്ര (മരണത്തിന് പോയത് ) വിവരങ്ങള്‍ കാണിച്ചിരിക്കുന്നു. അപ്പോള്‍ തന്നെ അദ്ദേഹത്തിനെ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു.

പുതിയ തലമുറയിലെ പലരും. ഇവരെയൊക്കെ മാതൃകയായി കാണണം. അദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയാത്ത ഒരു പോലീസുകാരും ഉണ്ടാവില്ല.എന്നിട്ടും അദ്ദേഹം നിയമാനുസൃതമായി രേഖ കൊണ്ടു നടക്കുന്നു. ഈ ദുരിതകാലത്ത് ഇങ്ങനെയാവാണം നടക്കേണ്ടത് എന്ന സന്ദേശമാണ് മറ്റ് പൊതുപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തില്‍ നിന്നൊക്കെ ലഭിക്കേണ്ടത്.

യാത്ര ഒഴിവാക്കുക എന്നതാണ് അഭികാമ്യം. എന്നാല്‍ ഒഴിവാക്കാനാത്ത യാത്ര അനിവാര്യമായി വന്നാല്‍ സാക്ഷ്യപത്രം കൈയില്‍ കരുതുക എന്നതാണ് മര്യാദ.
അത്തരം മര്യാദകള്‍ എല്ലാവരും പാലിച്ചാല്‍ നന്നായിരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News