‘മഹാമാരിയെ മാനുഷിക ഐക്യംകൊണ്ട് ചെറുത്ത് തോല്‍പ്പിക്കാം’; മതമേലദ്ധ്യക്ഷന്‍മാരുടെ സംയുക്ത അഭ്യര്‍ത്ഥന

കൊറോണയെ നേരിടുന്നതിൽ ജാതിമതാദി വേര്‍തിരിവുകളില്ലാതെ ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനവുമായി മത സാമുദായിക നേതാക്കൾ. സാമൂഹികമായ ഒരുമയും ശാരീരികവുമായ അകലവും പാലിച്ച് നാടിന്‍റെ രക്ഷാ ദൗത്യം ഏറ്റെടുക്കണം. സഹജീവി സ്നേഹമെന്ന മാനവിക വികാരം ഉയര്‍ത്തിപ്പിടിച്ച് മഹാമാരിയെ നേരിടണമെന്നും അവർ സംയുക്തമായി അഭ്യർത്ഥിച്ചു.സമുദായ സ്ഥാപനങ്ങള്‍ പൊതുകാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും മത സാമുദായിക നേതാക്കള്‍ വ്യക്തമാക്കി.

ലോകം അതിന്‍റെ ചരിത്രത്തിലെ ഭീതിദമായ വെല്ലുവിളി നേരിടുകയാണ്. കൊറോണ വൈറസ് ബാധ നേരിടുന്നതിൽ സര്‍ക്കാർ ജാഗ്രതയും ഫലപ്രദവുമായ ഇടപെടലാണ് നടക്കുന്നത്. ഇത് കേരളത്തിന്‍റെ വലിയ വിജയമാണ്.പല പ്രതിസന്ധികളെയും മറികടന്നവരാണ് കേരളീയര്‍. കൂടുതല്‍ ആക്രമണകാരിയായ കൊറോണ വൈറസിനെയും ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതിമതാദി വേര്‍തിരിവുകളില്ലാതെയും ഒരു അതിര്‍വരമ്പിനെയും കൂസാതെയുമുള്ള ഐക്യമാണ് വേണ്ടതെന്നും മത സാമുദായിക നേതാക്കൾ വ്യക്തമാക്കുന്നു.

മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് ജീവനും ജീവിതവും. ഈ ബോധ്യത്തോടെ സഹജീവിസ്നേഹം എന്ന മാനവിക വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം ഈ മഹാവ്യാധിയെ നേരിടുകയാണ്.
ഒരുവശത്ത് രോഗഭീഷണിയില്‍നിന്ന് സ്വയം മുക്തമാകുക. മറുവശത്ത് മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കരുതല്‍ നല്‍കുക. ഇതു രണ്ടും അനുവര്‍ത്തിച്ചുകൊണ്ടാണ് നാം മുന്നോട്ടുപോകുന്നത്. ആ മുന്നേറ്റത്തില്‍ നമുക്കു മുന്നില്‍ നമ്മുടെ സര്‍ക്കാരുണ്ട്. നമ്മുടെയുള്ളില്‍ ആശങ്കയല്ല, ജാഗ്രതയാണുള്ളത്. നമുക്ക് നൈരാശ്യമല്ല, പ്രതീക്ഷയാണുള്ളതെന്നും അവർ സംയുക്ത പ്രസ്താവനയിൽ പറയുന്നു. വ്യത്യസ്ത മത, സാമുദായിക വിഭാഗങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍, നിങ്ങളോരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു…. ഒന്നിച്ചുനില്‍ക്കുക, പതറാതെ ഈ വിപത്തിനെ അതിജീവിക്കാന്‍ മുന്നേറുക.

രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. ദൈനംദിന ജീവിതം കടുത്ത നിയന്ത്രണത്തിലാണ്. അത്തരം നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. വീടുകളില്‍ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഹായകമായ ഇടപെടലുകള്‍ നടത്തണം. നമ്മുടെ സ്ഥാപനങ്ങള്‍ അത്തരം പൊതു കാര്യങ്ങള്‍ക്കായി ഉപയുക്തമാക്കണം. സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് ഈ നാടിന്‍റെ രക്ഷാദൗത്യം ഏറ്റെടുക്കാന്‍ നമ്മള്‍ ഓരോരുത്തരും തയ്യാറാകേണ്ട അനിവാര്യഘട്ടമാണ് ഇതെന്നും മത സാമുദായിക നേതാക്കൾ അഭ്യർത്ഥനയിൽ ഓര്‍മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel