സജീവമായി ഡിവൈഎഫ്‌ഐ ഹെൽപ്ഡെസ്ക്കുകൾ; അനുഭവങ്ങൾ പങ്കുവെച്ച്‌ പ്രവർത്തകർ

അടഞ്ഞുകിടക്കുകയാണ്‌ കേരളം. ഉണർന്നിരിക്കുകയാണ്‌ നൂറുകണക്കിന്‌ യുവാക്കളും യുവതികളും. അണുവിമുക്തമാക്കലും മറ്റുള്ളവർക്ക്‌ സഹായമെത്തിക്കലുമൊക്കെയായി ഡിവൈഎഫ്‌ഐ സജീവമാണ്‌ എല്ലായിടത്തും‌.

വീടുകളിലോ മറ്റോ ഒറ്റപ്പെട്ടവർക്ക്‌ ഭക്ഷണം നൽകുമെന്ന് നേരത്തെ ഡി വൈ എഫ്‌ ഐ സംസ്ഥാനകമ്മറ്റി പ്രഖ്യാപിച്ചിരുന്നു.ഇതോടൊപ്പം മാനസിക പിരിമുറുക്കങ്ങൾക്ക്‌ അയവുവരുത്താൻ ഒട്ടേറെ പ്രവർത്തനങ്ങൾക്കും രൂപം നൽകി.

ഡിവൈഎഫ്‌ഐ വയനാട്‌ ജില്ലാസെക്രട്ടറി കെ റഫീഖ്‌ ഫേസ്ബുക്കിലിട്ട കുറിപ്പ്‌ അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ്‌.

പടിഞ്ഞാറത്തറയിലെ നിരീക്ഷണത്തിലുള്ള ഒരാൾക്ക്‌ ഭക്ഷണം എത്തിച്ചുനൽകിയ അനുഭവത്തിലൂടെ ഹെൽപ്പ്‌ ഡെസ്ക്കുകൾ ഉണർന്നിരിക്കുകയാണെന്ന് കുറിപ്പ്‌ പറയുന്നു.

പൂർണ്ണരൂപം ചുവടെ

സമയം രാത്രി 8 മണി

ഡിവൈഎഫ്ഐ സംസ്ഥാന ഹെൽപ്പ് ഡെസ്ക് കോൾ സെന്ററിൽ നിന്നും ഡിവൈഎഫ്ഐ വയനാട് ജില്ലാ പ്രസിഡണ്ട് സഖാവ് ഫ്രാൻസിസിന് ഒരു ഫോൺകോൾ.

“പടിഞ്ഞാറത്തറ കുറ്റിയാം വയലിലെ ഒരു റിസോർട്ടിൽ ക്വാറന്റയിനിൽ കഴിയുന്ന ജീവനക്കാരന് രാത്രിയിലേക്കുള്ള ഭക്ഷണം ലഭ്യമായിട്ടില്ല എന്ന വിവരമുണ്ട്. ആവശ്യമായത് ചെയ്യണം ” ഇതായിരുന്നു കൈമാറിയ വിവരം.

ഉടൻ പടിഞ്ഞാറത്തറ സ്വദേശിയായ ജില്ലാ കമ്മിറ്റിയംഗം സഖാവ് ബിജുലാലിനെ പ്രസ്തുത വിഷയമന്വേഷിച്ച് ആവശ്യമായത് ചെയ്യാൻ സഖാവ് ഫ്രാൻസിസിന്റെ ഫോൺകോൾ.

ഉടൻ ബിജുലാൽ ആവശ്യമെന്താണെന്ന് വിളിച്ചന്വേഷിച്ചറിയൽ .. ആവശ്യം രാത്രിഭക്ഷണമായിരുന്നു.

പക്ഷേ രാത്രി 8 മണി കഴിഞ്ഞതിനാൽ ഭക്ഷണം വാങ്ങിക്കാൻ കിട്ടാനില്ല. മറ്റൊന്നും ആലോചിക്കാൻ നില്ക്കാതെ ബിജുലാൽ സ്വന്തം വീട്ടിലേക്ക് … 8.30 മണിയോടെ അവിടെയുണ്ടായിരുന്ന ഭക്ഷണവുമായി സഖാവ് ജിജിത്തിനൊപ്പം നേരേ റിസോർട്ടിലേക്ക് ..

ക്വാറന്റയിനിൽ കഴിയുന്ന റിസോർട്ട് ജീവനക്കാരനായ സുഹൃത്തിന് വയറിനൊപ്പം മനം നിറഞ്ഞ സന്തോഷവും.

ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തന്നാൽ രാവിലെ എത്തിക്കാമെന്നേറ്റ് ബിജുവും ജിജിത്തും യാത്ര പറഞ്ഞിറങ്ങി നിറഞ്ഞ ആത്മസംതൃപ്തിയോടെ.

ഇതുപോലൊരുപാട് ഡിവൈഎഫ്ഐക്കാർ രംഗത്തുണ്ട് കർമ്മനിരതരായി.. സഹജീവിസ്നേഹവുമായി .. ഏതാവശ്യത്തിനും ഏത് സമയത്തും..

ഞങ്ങളുണ്ട് ..
ഡിവൈഎഫ്ഐ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News