കൊറോണ മരണത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി; സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ; സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ്; യതീഷ് ചന്ദ്രയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം ,മലപ്പുറം, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ 165 പേരാണ് കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1,34,370 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1,33,750 പേരും ആശുപത്രിയില്‍ 620 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്.
തിരുവനന്തപുരത്ത് ഒരാള്‍ക്കും കോട്ടയത്ത് രണ്ടാള്‍ക്കും എറണാകുളത്ത് ഒരാള്‍ക്കും രോഗം ഭേദമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ കൊറോണ ബാധിതന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മരിച്ചയാള്‍ക്ക് വിവിധ അസുഖങ്ങള്‍ ഉള്ളതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈറസില്‍ സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ പെട്ടെന്ന് ഫലം അറിയാന്‍ കഴിയും. മാസ്‌കുകളും ഉപകരണങ്ങളും നിര്‍മിക്കാന്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി കഞ്ചിക്കോട് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ മാത്രം കിച്ചനുകളില്‍ പ്രവേശിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പത്ര വിതരണം അവശ്യ സര്‍വ്വീസാണെന്നും ചില റസിഡന്‍സ് അസോസിയേഷനുകള്‍ ഇത് വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ ഭക്ഷണ കിറ്റ് വേണ്ടാത്തവര്‍ വിവരം സര്‍ക്കാരിനെ അറിയിക്കണമെന്നും അത് അര്‍ഹതയുള്ള മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീടുകളിലെയും ഫ്‌ളാറ്റുകളിലെയും മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കര്‍ണാടക അതിര്‍ത്തി റോഡ് മണ്ണിട്ട് തടഞ്ഞ കര്‍ണാടകയുടെ നിലപാടില്‍ മാറ്റം വന്നിട്ടില്ല. ഗതാഗതം ഇതുവരെ പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രിയുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. സദാനന്ദ ഗൗഡയെയും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെയും വിവരമറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്നാണ് കിട്ടിയ ഉറപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് നിന്നുള്ള ഡയലിസിസ് രോഗികളെ മംഗലാപുരത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി.

നടപടി പൊലീസിന്റെ യശസ്സിനെ തകര്‍ക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News