യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

എസ് പി യുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ് പി യെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്.

നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍ ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പോലീസിന് അധികാരമില്ല. വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷന്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here